തിരുവനന്തപുരം: കേന്ദ്രത്തിന് എതിരെ സിപിഎമ്മിനോടൊപ്പം സമരം ചെയ്യാനായിരുന്നുവെങ്കിൽ നവകേരളസദസിനെ കോൺഗ്രസിന് സ്വാഗതം ചെയ്താൽ പോരായിരുന്നുവോ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര അവഗണനക്കെതിരെ സമരത്തിന് പ്രതിപക്ഷകക്ഷികളേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ കെണിയിൽ കോൺഗ്രസ് പോയി വീഴുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. ‘ഇന്തി ‘സഖ്യം ശക്തിപ്പെടുത്താൻ ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനയെന്ന വാദത്തിന് തുല്യം ചാർത്താൻ കോൺഗ്രസും തയാറാണോ എന്നും വി.മുരളീധരൻ ചോദ്യമുയർത്തി.
മൂന്ന് വർഷത്തെ ഭരണവീഴ്ച മറക്കാനും പണം പിരിക്കാനും നടത്തിയ യാത്രയാണ് കേരളം കണ്ടത്. അതിൽ പ്രതിഷേധിച്ച് അടിവാങ്ങിയ യൂത്ത് കോൺഗ്രസ് നേതാവ് ജയിലിലാണ്. എന്നിട്ടും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കാനാണോ ഉദ്ദേശ്യമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചു.
നവകേരള സദസിൽ നാലഞ്ചുമണിക്കൂർ നടന്ന് മാധ്യമങ്ങളെ കണ്ട വ്യവസായ മന്ത്രി കരുവന്നൂരിലെ ഇഡി കണ്ടെത്തലിൽ മിണ്ടാത്തത് എന്തുകൊണ്ടെന്ന് വി.മുരളീധരൻ ചോദിച്ചു. അനധികൃത വായ്പകൾ അനുവദിക്കുന്നതിന് പി. രാജീവ് സമ്മർദം ചെലുത്തിയെന്ന മൊഴിയിൽ മന്ത്രി മറുപടി പറയണം. എന്തെല്ലാം താത്പര്യത്തിന് പുറത്ത് ആർക്കൊക്കെ പ്രയോജനം കിട്ടാനാണ് മന്ത്രി ഇടപെട്ടത് എന്നും വി.മുരളീധരൻ ചോദിച്ചു.
കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു. റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം, ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്നും വി.മുരളീധരൻ വിമർശിച്ചു.ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെഎസ് ചിത്രയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിൻ്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.