തിരുവനന്തപുരം: ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സർക്കാർ മാനദണ്ഡ പ്രകാരമുള്ള ഡോക്ടർമാർ ഇല്ലാത്തത് പ്രവർത്തനം താളം തെറ്റിക്കുന്നുവെന്ന് റിപ്പോർട്ട്. 24 മണിക്കൂർ സേവനം നൽകുന്ന ആശുപത്രിയിൽ ചാർജ് മെഡിക്കൽ ഓഫീസർ കൂടാതെ 7 പേർ ഡ്യൂട്ടി യെടുക്കാൻ ഉണ്ടാകണം എന്നാണ് സർക്കാർ തീരുമാനം. ബ്ലോക്ക് പഞ്ചായത്തിന് രണ്ട് ഡോക്ടർമാരെ പോസ്റ്റ് ചെയ്യാം എന്നിരിക്കെ ഒരാളെ മാത്രമാണ് നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം രാവിലെ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയ ഡോക്ടറെ നിർബന്ധിച്ചു രാത്രി ഡ്യൂട്ടിക്ക് പഞ്ചായത്ത് അധികൃതർ വിളിച്ചുവരുത്തിയിരുന്നു. കെജിഎംഓഎ തിരുവനന്തപുരം ജില്ലാ ഘടകം സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെജിഎംഓഎ ആവശ്യപ്പെട്ടു.