തിരുവനന്തപുരം: സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 49 കോടി റെക്കോർഡുകളുടെ ഡേറ്റ പോർട്ടിംഗും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിംഗും പൂർത്തിയാക്കാനെടുത്ത സമയമാണ് ചില സേവനങ്ങള്‍ വൈകി ലഭ്യമാകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. ചില നഗരസഭകളിലെ പഴയ രേഖകളിലെ അവ്യക്തതയും ഡാറ്റാ പോർട്ടിംഗ് വൈകാൻ കാരണമായി. ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കെ സ്മാർട്ട് ഇന്നലെ മുതൽ പൂർണതോതിൽ ലഭ്യമായി തുടങ്ങി.
കെ സ്മാർട്ടിൽ ജനുവരി 15 വൈകിട്ട് 5 മണി വരെ 1,00,616 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻപതിനായിരത്തിലധികം മൊബൈൽ ആപ്പ് ഡൌൺലോഡുകളും നടന്നിട്ടുണ്ട്. മാത്രമല്ല 22,764 പേരാണ് വിവാഹ-മരണ-ജനന സർട്ടിഫിക്കറ്റിനായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തന്നെ മഹാഭൂരിപക്ഷം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. അൻപതോളം സർട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ച് ഒരു മണിക്കൂറിനകവും, ഇരുനൂറിലധികം സർട്ടിഫിക്കറ്റുകള്‍ രണ്ട് മണിക്കൂറിനകവും അപേക്ഷകന് ലഭ്യമാക്കാനായി. കെ സ്മാർട്ട് ലോഞ്ച് ചെയ്ത ആദ്യ ആഴ്ച തന്നെ വിവാഹ-മരണ- ജനന സർട്ടിഫിക്കറ്റുകള്‍ സുഗമമായി ലഭ്യമായിരുന്നു. ഈ സേവനവും ലഭ്യമല്ലെന്ന തരത്തിലുള്ള ഒരു മാധ്യമത്തിന്റെ ആവർത്തിച്ചുള്ള വാർത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
അതോടൊപ്പം 23,627 പേർ വിവിധ ഫീസുകള്‍ ഇതിനകം കെ സ്മാർട്ട് വഴി അടച്ചിട്ടുണ്ട്. നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്കുകളിലൂടെ 9.06 കോടി രൂപയും, ആപ്പ് വഴി 45.86 ലക്ഷം രൂപയുമാണ് ഇങ്ങനെ നഗരസഭകളുടെ ബാങ്ക് അക്കൌണ്ടുകളിലെത്തിയത്. ഇതിൽ 2.47 കോടി രൂപ വസ്തുനികുതിയിനത്തിലാണ് ലഭിച്ചത്. നികുതിയടയ്ക്കലുള്‍പ്പെടെ നഗരസഭകളിലെ സേവനങ്ങളാകെ മുടങ്ങിയെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കണക്കുകള്‍. 1021 പൊതുജന പരാതികളാണ് കെ സ്മാർട്ടിലൂടെ കഴിഞ്ഞ ദിവസം വരെ ലഭിച്ചത്.
സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും 87 മുൻസിപ്പാലിറ്റികളിൽ 85ലും നികുതിയടയ്ക്കാനുള്ള സൌകര്യം ശനിയാഴ്ച ഉച്ചയോടെ തന്നെ തയ്യാറായിരുന്നു. ഇതിനകം 11,642 കെട്ടിടങ്ങളുടെ വസ്തുനികുതി അടച്ചിട്ടുണ്ട്. ആപ്പ് വഴി 34.79 ലക്ഷം രൂപയും, നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്കുകള്‍ വഴി 2.12 കോടി രൂപയും വസ്തുനികുതിയിനത്തിൽ ലഭിച്ചിട്ടുണ്ട്.
ബിൽഡിംഗ് പെർമ്മിറ്റിന് അപേക്ഷിക്കാനുള്ള സൌകര്യവും ദിവസങ്ങള്‍ക്ക് മുൻപ് തന്നെ കെ സ്മാർട്ടിൽ ലഭ്യമാണ്. കെ സ്മാർട്ടിൽ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലൈസൻസ്ഡ് സൂപ്പർവൈസർമാർക്ക് നൽകിയിട്ടുണ്ട്. എല്ലാ സംഘടനാ പ്രതിനിധികള്‍ക്കും സംസ്ഥാന തലത്തിൽ പരിശീലനം പൂർത്തിയാക്കി, സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ തലത്തിലുള്ള പരിശീലനം അന്തിമഘട്ടത്തിലാണ്. കെ സ്മാർട്ട് ഉപയോഗിച്ച് ഏളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നുവെന്നതാണ് എല്ലാ സംഘടനകളും അറിയിച്ചിരിക്കുന്നത്. അപേക്ഷിച്ചാലുടൻ തന്നെ പെർമ്മിറ്റ് ലഭ്യമാകുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യ കമ്പനികളും കെ സ്മാർട്ടിനെതിരെ വ്യാജമായ പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
താത്കാലിക ജീവനക്കാർക്ക് പെൻ നമ്പറോ, ജി പെൻ നമ്പറോ ഇല്ലാത്തതിനാൽ ഒന്നാം ഘട്ടത്തിൽ കെ സ്മാർട്ടിൽ ഉള്‍പ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇവർക്ക് താത്കാലിക പെൻ നമ്പർ നൽകി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനകം നടപടി പൂർത്തിയാകും. നഗരസഭകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക ഈടാക്കുന്നതിന് നിലവിൽ യാതൊരു തടസവുമില്ല. എല്ലാ നഗരസഭകളിലും ഈ സൌകര്യം മുൻപ് തന്നെ ലഭ്യമാക്കിയിരുന്നു.
അഴിമതി പൂർണമായി ഇല്ലാതാകുന്നതോടെ അസ്വസ്ഥരാകുന്ന ചെറിയ ന്യൂനപക്ഷം ജീവനക്കാരും ഈ പ്രചാരണത്തിന് പിന്നിലുണ്ടെന്നും മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കെ സ്മാർട്ടിനെ പൊതുവിൽ മികച്ച നിലയിലാണ് കേരളം സ്വീകരിച്ചതെന്നും കൂടുതൽ മികച്ച സേവനങ്ങളൊരുക്കി കെ സ്മാർട്ടിനെ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.