തിരുവനന്തപുരം: പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോർട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കിയെന്ന് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓരോ കേസും സംബന്ധിച്ച അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിശോധിച്ച് സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗിൽ നിന്നും ഒഴിവാക്കി നൽകുന്നതിന് വകുപ്പ് മേധാവി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഹാജർ, ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതും ലീവുകൾ സ്പാർക്ക് വഴി നൽകണമെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോർട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ഓരോ കേസും സംബന്ധിച്ച അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിശോധിച്ച് സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗിൽ നിന്നും ഒഴിവാക്കി നൽകുന്നതിന് വകുപ്പ് മേധാവി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഹാജർ, ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതും ലീവുകൾ സ്പാർക്ക് വഴി നൽകേണ്ടതുമാണ്.
ഹാജർ പുസ്തകത്തിൻ്റെ അടിസ്ഥാനത്തിൽ ലീവുകൾ ക്രമീകരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഡി ഡി ഒ മാർ ശമ്പളബിൽ തയ്യാറാക്കുക. കൂടാതെ, ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സ്പാർക്ക് പ്രൊഫൈലിൽ ആനുകൂല്യം ലഭ്യമാകുന്നതിനായി പി എച്ച് രേഖപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.