തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ ഒരേയൊരു കാരണം കേന്ദ്ര നിലപാടുകളാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏതാണ്ട് 57000 കോടി രൂപയുടെ വെട്ടിക്കുറവാണ് സംസ്ഥാനത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ കേന്ദ്രം വരുത്തിയത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതാക്കളായ പി.ചിദംബരവും സിദ്ധരാമയ്യയും ഉള്‍പ്പടെയുള്ളവര്‍ ശക്തമായി അഭിപ്രായം പറയുന്നുണ്ടെങ്കിലും കേരളത്തിലെ പ്രതിപക്ഷം നിശബ്ദരാണെന്നും മന്ത്രി പറഞ്ഞു.
അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ ഒരു സാമ്പത്തിക പ്രതിസന്ധിയും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഈ പ്രതികൂല ഘട്ടത്തിലും ശമ്പളം മുടങ്ങുകയോ സ്ഥാപനങ്ങള്‍ അടച്ചിടുകയോ ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തില്ല. പ്രതിസന്ധികളോട് പൊരുതി മുന്നോട്ട് പോകുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.