spot_imgspot_img

സംസ്ഥാനത്തു കായിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കായിക സമ്പദ് വ്യവസ്ഥ വളരുമ്പോൾ ഈ രംഗത്തു വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു കേരളത്തെ തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനാഷണൽ സ്‌പോർട്‌സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കായിക സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ സജീവമാക്കാൻ കഴിയുന്ന സ്വകാര്യ സംരംഭകരെയും സ്റ്റാർട്ടപ്പുകളേയും ഈ രംഗത്തേക്ക് ആകർഷിക്കും. ഇത്തരമൊരു ചുവടുവയ്പ്പിന് ഏറ്റവും അനുകൂലമായ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണു കേരളം. അന്താരാഷ്ട്ര കായികരംഗത്തു ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണു കേരളം. ഒരേ മനസോടെ മുന്നോട്ടുവന്നാൽ ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയും.

ദേശീയതലത്തിലും അന്തർദേശീയതലത്തിലും നിരവധി അഭിമാന നേട്ടങ്ങൾ കരസ്ഥമാക്കിയ താരങ്ങൾ കേരളത്തിലുണ്ട്. കായികതാരങ്ങൾ മാത്രമല്ല പ്രമുഖരായ പരിശീലകർ, റഫറിമാർ ഉൾപ്പെടെയുള്ള ഒഫിഷ്യലുകളേയും കേരളം സംഭാവനചെയ്തു. കായിക പഠനത്തിന്റെ മേഖലയിലും കേരളം ഏറെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും മികച്ച കായിക ആസ്വാദകരുടെ പട്ടികയിലാണു മലയാളികളുടെ സ്ഥാനം. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പ് കാലത്തു സംഘാടകരായ ഖത്തറും ലോകജേതാക്കളായ അർജന്റീനയും ആരാധക പിന്തുണയ്ക്കു കേരളത്തോടു നന്ദിപറഞ്ഞകാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ഫുട്‌ബോൾ ക്ലബുകളും കേരളത്തിന്റെ കായിക ആസ്വാദന നിലവാരത്തെ പ്രകീർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ പ്രധാന കായിക ഇനങ്ങൾക്കെല്ലാം വേരോട്ടമുള്ള മണ്ണാണു കേരളത്തിന്റേത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ കായിക ഇനങ്ങൾ കളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കായിക പ്രചരണത്തിൽ നാട്ടിലെ ക്ലബുകൾ, വായനശാലകൾ, മറ്റു സംഘടനകൾ തുടങ്ങിയവ വഹിച്ചിട്ടുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ക്ലബുകളാണു പല കായിക ഇനങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും മികച്ച കായിക സംസ്‌കാരം നിലനിൽക്കുന്ന നാടാണു കേരളമെന്ന് അഭിമാനപൂർവം പറയാനാകും.

സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിലെ സിലബസ് പരിഷ്‌കരണവും പ്രവർത്തന സമയ മാറ്റവും സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതുവിദ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കായികതാരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് പുനഃക്രമീകരണം നടത്തുന്നതും ആലോചനയിലാണ്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ സ്‌പോർട്‌സ് ഒരു ഇനമാണ്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ സ്‌പോർട്‌സിനായി പ്രത്യേക പാഠപുസ്തകം അച്ചടിച്ചു വിദ്യാർഥികൾക്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയുടെ മുന്നേറ്റം ലക്ഷ്യംവച്ചുള്ള നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, വി. ശശി, സി.കെ ഹരീന്ദ്രൻ, വി.കെ. പ്രശാന്ത്, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഐ.എം. വിജയൻ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മുതിർന്ന കായികതാരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp