തിരുവനന്തപുരം: വ്യായാമങ്ങളിലും കളികളിലുമേര്‍പ്പെടുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ ആരോഗ്യവും ജീവനും സേഫ് ആണെന്ന് ഉറപ്പിക്കാന്‍ വരട്ടെ. നിങ്ങളുടെ ഹൃദയം സുരക്ഷിതമാണെന്ന് ആദ്യം ഉറപ്പിക്കൂ. വ്യായാമം മുടക്കമില്ലാതെ ചെയ്യുന്ന ചെറുപ്പക്കാരില്‍ ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് പുതിയ ആശങ്കയായി മാറിയിരിക്കുകയാണല്ലോ. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഫിറ്റ്‌നെസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ പ്രീജിത്ത് എസ്.പിയും അലക്‌സ ജോസഫും. മദ്രാസ് ഐഐടിയുടെ സഹായത്തോടെ വികസിപ്പിച്ച വേറിട്ട ഫിറ്റ്‌നെസ് ആപ്പായ നെട്രിന്‍ കായിക പ്രേമികള്‍ക്കായി ഇവര്‍ പരിചയപ്പെടുത്തുകയാണ് രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്ന സ്‌പോര്‍ട്‌സ് എക്‌സ്‌പോയില്‍.
ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനും പരിപാലിക്കാനും ഈ ആപ്പ് സഹായിക്കുന്നു. ആപ്പിന്റെ ഭാഗമായുള്ള വിയറബിള്‍ ഡിവൈസ് ശരീരത്തില്‍ ഘടിപ്പിച്ചാണ് ഈ ആപ്പ് ഇസിജി ഡേറ്റ ശേഖരിക്കുന്നത്. ഈ വിവരത്തെ അടിസ്ഥാനമാക്കി നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യനില വിലയിരുത്താന്‍ കഴിയും. ഒരു കോച്ചിന്റെ അല്ലെങ്കില്‍ ഡോക്ടറുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് നമ്മുടെ വ്യായാമം അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം.
വിയറബിള്‍ ടെക്നോളജിയിലും ഹ്യൂമന്‍ ഫിസിയോളജിയിലും ഒമ്പത് വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനു ശേഷമാണ് ഇരുവരും ഇവ സംയോജിപ്പിച്ചുള്ള നെട്രിന്‍ ആപ്പിന്റെ ആശയവുമായി വരുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ അത്ലറ്റുകളെ ലക്ഷ്യമിട്ട് നിര്‍മിച്ചതാണെങ്കിലും പിന്നീട് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ആപ്പ് പരിഷ്‌ക്കരിച്ചു.
ദൈനംദിനം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഈ ആപ്പ് സഹായിക്കും. ”ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ ഏറ്റവും സാധാരണമായ ജീവിതശൈലി പ്രശ്നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ലോകത്തിലെ ആദ്യ ടെക് എനേബിള്‍ഡ് ഗൈഡഡ് ട്രെയിനിംഗ് പ്ലാറ്റ്ഫോമാണ് നെട്രിന്‍ ഹാര്‍ട്ട്കോര്‍. ജനറിക് ആരോഗ്യ ആപ്പുകള്‍ നല്‍കുന്ന പോലെയുള്ള വിവരങ്ങള്‍ അല്ല നെട്രിന്‍ നല്‍കുന്നത്. ഒരു വ്യക്തിയുടെ തനതായ ശരീരശാസ്ത്രം, ലക്ഷ്യങ്ങള്‍, വിപുലമായ ഇസിജി സെന്‍സറുകളില്‍ നിന്നുള്ള തത്സമയ ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കിയുളള വ്യായാമരീതികള്‍ ഒരു കോച്ചിന്റെ സഹായത്തോടെ ഒരോര്‍ത്തര്‍ക്കും നല്‍കുന്നു,” ഈ യുവസംരംഭകര്‍ പറയുന്നു.
തിരക്കേറിയ ജീവിത സാഹചര്യത്തില്‍ വ്യായാമത്തിന് സമയം ലഭിക്കാത്തവര്‍ക്ക് അവരുടെ ദിനചര്യകളെ ക്രമീകരിച്ച് വ്യായാമം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രതിദിന ഫീഡ്ബാക്ക് നല്‍കുകയും ചെയ്യുന്ന സംവിധാനം ആപ്പിലുണ്ട്. ”ഹൃദയാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന സുസ്ഥിര ഫിറ്റ്നസ് ജീവിതശൈലി കെട്ടിപ്പടുക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് നെട്രിനിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ഹൃദയമാണ് ശാരീരികക്ഷമതയുടെ അടിത്തറയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഡേറ്റ അധിഷ്ഠിത രീതികകളിലുടെ ഇത് നേടാന്‍ ഈ ആപ്പ് ഒരോരുത്തരേയും സഹായിക്കുന്നു,” അവര്‍ പറഞ്ഞു.