കഴക്കൂട്ടം : ഹാർബർ അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിതല സമിതിയിയുടെ തിരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി. മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പ് എത്തിച്ച ഒരു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള മണൽ നീക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ആറ് മീറ്റർ താഴ്ചയിലും നാനൂറ് മീറ്റർ നീളത്തിലുമാണ് മണൽ നീക്കം പൂർത്തിയാക്കേണ്ടത്.
ബാർജ്ജിൽ ഘടിപ്പിച്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന മണൽ നീക്കം കൊണ്ട് കാര്യമായ നേട്ടം കൈവരിക്കാനായില്ല. അഴിമുഖത്തെ തെക്കേ പുലിമുട്ടിന് സമാന്തരമായാണ് ആഴ്ചകളായി വൻ തോതിൽ മണൽതിട്ട രൂപപ്പെടുന്ന പ്രതിഭാസം നിലനിൽക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചെടുക്കുന്ന മണലിനെക്കാൾ കൂടുതൽ മണൽ അടിഞ്ഞ് കൂടുന്നതും വെല്ലുവിളിയാകുന്നു.പലപ്പോഴും യന്ത്രതകരാറിനെ തുടർന്ന് മണൽ നീക്കം നിർത്തിവയ്ക്കുന്ന സാഹചര്യവുമുണ്ട്.അഴിമുഖത്ത് രണ്ട് മീറ്റർ താഴ്ചയാണ് നിലവിലുള്ളത്. ഇതോടെ മത്സ്യബന്ധന യാനങ്ങൾ കടന്നു പോകുന്നതിന് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
അദാനി ഗ്രൂപ്പുമായുള്ള സർക്കാർ കരാർ കലാവധി അവസാനിക്കാൻ മൂന്നു മാസം മാത്രമാണ് ശേഷിക്കുന്നത്.അഴിമുഖത്ത് ആവശ്യമായ ആഴമില്ലാത്തതാണ് മുതലപ്പൊഴിയെ പ്രധാന അപകടകേന്ദ്രമാക്കി മാറ്റുന്നത്. ആവശ്യമായ ആഴം ഉറപ്പാക്കാത്തതിനാൽ കഴിഞ്ഞവർഷം മൺസൂൺ കാലത്ത് 29 അപകടങ്ങളാണ് സംഭവിച്ചത്. നാല് പേരുടെ ജീവനും നഷ്ടമായി. ഇതേ സ്ഥിതി തുടർന്നാൽ ആയിരകണക്കിന് മത്സ്യതൊഴിലാളികളുടെ ജീവിതം വഴിയാധാരമാകുകയും ചെയ്യും.ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുന്ന കാര്യത്തിൽ അധികൃതർ മൗനം തുടരുകയാണ്.