ഡൽഹി: നികുതി നിരക്കുകളിൽ മാറ്റം വരുത്താതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. നിലവിലെ ആദായനികുതി പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നിവിലെ നിരക്കുകൾ തന്നെ തുടരും. അടുത്ത സാമ്പത്തിക വർഷം ധനകമ്മി 5.1 ആയി കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിന് ശേഷം ഫിനാൻസ് ബിൽ ലോക്‌സഭ പാസാക്കി.
സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായി. ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി. നേട്ടങ്ങള്‍ എണ്ണമിട്ട് പറഞ്ഞ ധനമന്ത്രി ഈ സര്‍ക്കാര്‍ തന്നെ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്.
2047ഓടേ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചു.ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും.
കൂടാതെ സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും, കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും, ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി, കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും, 5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും, രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും, പുതിയ റെയിൽവേ ഇടനാഴി, സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും, മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും, വിമാനത്താവള വികസനം തുടരും, വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും, വ്യോമഗതാഗത മേഖലയും വിപുലീകരിക്കും, കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും, ഇ -വാഹനരംഗ മേഖല വിപുലമാക്കും, കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും, വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും, 50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങൾക്ക് വായ്പ, പലിശരഹിത വായ്പ, ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ.