തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായിട്ടും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. വയനാട് എം പി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി കെ സുധാകരൻ രംഗത്തെത്തിയത്. അതി പ്രധാന രാഷ്ട്രീയ യാത്ര പോലും നിർത്തിവച്ചിട്ടാണ് രാഹുൽഗാന്ധി വയനാട്ടിലേക്ക് ഓടിയെത്തിയതെന്നും എന്നിട്ട് പോലും സംസ്ഥാനത്തെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ വയനാട് സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ആശ്വാസമേകാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി കെ സുധാകരൻ രംഗത്തെത്തിയത്. ജനരോഷം ഭയന്നാണോ മുഖ്യമന്ത്രി വയനാട് സന്ദർശിക്കാൻ തയ്യാറാകാത്തത്? എന്തു പ്രശ്നം ഉണ്ടായാലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നിൽക്കാനും അവരോട് സംവദിക്കാനും ഒരു പൊതുപ്രവർത്തകന് കഴിഞ്ഞിരിക്കണം. ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി ഒളിച്ചോടരുതെന്നും കെ സുധാകരൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും, പോളിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. എല്ലാ സഹായങ്ങൾക്കും കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായിട്ടും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. അതി പ്രധാന രാഷ്ട്രീയ യാത്ര പോലും നിർത്തിവച്ചിട്ടാണ് രാഹുൽഗാന്ധി വയനാട്ടിലേക്ക് ഓടിയെത്തിയത്. എന്നിട്ട് പോലും സംസ്ഥാനത്തെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ വയനാട് സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ആശ്വാസമേകാൻ കഴിഞ്ഞിട്ടില്ല.
ജനരോഷം ഭയന്നാണോ മുഖ്യമന്ത്രി വയനാട് സന്ദർശിക്കാൻ തയ്യാറാകാത്തത്? എന്തു പ്രശ്നം ഉണ്ടായാലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നിൽക്കാനും അവരോട് സംവദിക്കാനും ഒരു പൊതുപ്രവർത്തകന് കഴിഞ്ഞിരിക്കണം. ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി ഒളിച്ചോടരുത്.
വനം വകുപ്പ് എന്തിനാണെന്ന് അറിയാത്ത അതിന്റെ വകുപ്പ് മന്ത്രിയും കേരളത്തിൽ പരിഹാസ കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് ഞാൻ വനംമന്ത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന സംവിധാനങ്ങൾ തന്നെയാണ് ഇപ്പോഴും വനം വകുപ്പിന് ഉള്ളത്. കാലഹരണപ്പെട്ട ക്രമീകരണങ്ങൾ മാറ്റി അത്യാധുനിക സാങ്കേതികവിദ്യകൾ വന്യമൃഗ ആക്രമണങ്ങളെ തടയാനായി ഉപയോഗിക്കാൻ പോലും ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് 12 കോടിയോളം രൂപ നഷ്ടപരിഹാര കുടിശ്ശികയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുടർച്ചയായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വനം വകുപ്പ് മന്ത്രി രാജി വെക്കേണ്ടതാണ് എന്നാൽ സ്വന്തം മകൾ മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞിട്ട് പോലും നാണമില്ലാതെ അധികാര കസേരയിൽ കടിച്ചു തൂങ്ങുന്ന വിജയനെ കണ്ടു ശീലിച്ച വനംവകുപ്പ് മന്ത്രിയിൽ നിന്ന് രാഷ്ട്രീയ കേരളം അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല.
എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ഭയം മാറ്റിവെച്ച് വയനാട് സന്ദർശിക്കാൻ മുഖ്യമന്ത്രി വിജയൻ തയ്യാറാകണമെന്നും കെപിസിസി അതിശക്തമായി ആവശ്യപ്പെടുന്നു.