വയനാട്: വയനാട് എം പി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്. കനത്ത സുരക്ഷയുടെ നടുവിലായിരുന്നു സന്ദർശനം.
കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടിലാണ് രാഹുൽ ആദ്യം എത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച രാഹുൽ ഗാന്ധി കുടുംബവുമായി സംവദിച്ചു. വീണ്ടും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖമുണ്ടെന്ന് അജീഷിൻ്റെ കുടുംബം പ്രതികരിച്ചു. അജീഷിന്റെ കുടുംബവുമായി സംസാരിച്ചതിന് ശേഷം കാണാനെത്തിയ നാട്ടുകാരുമായും അദ്ദേഹം സംസാരിച്ചു.
തുടർന്ന് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീടും രാഹുൽ സന്ദർശിച്ചു. അതിനു ശേഷം മൂടക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീടും എംപി സന്ദര്‍ശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.