വയനാട്: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. വന്യജീവി ആക്രമണത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. മുന്നറിയിപ്പ് സംവിധാനം ശക്തമാക്കണമെന്നും, ചികിത്സ അടക്കമുള്ളവയിലെ പോരായ്മകൾ പരിഹരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കുന്നത് വേഗത്തിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സർക്കാർ ഫലപ്രദമായി ഇടപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് ഇത്തരത്തിൽ ഒരു അവലോകന യോഗം ചേരേണ്ടി വരില്ലായിരുന്നുവെന്നും സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും രാഹുൽ വ്യക്തമാക്കി.
വന്യജീവി പ്രശ്നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജെന്ന ആവശ്യം ഗൗരവകരമാണ്.
ജില്ലാ ഭരണകൂടവും എസ്പിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. ഇവിടുത്തെ കാര്യങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് ചർച്ച ചെയ്യാൻ താത്പര്യമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.