
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കാണാതായത്.
സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം എം എൽ എയും മറ്റു ജനപ്രതിനിധികളും പേട്ടയിൽ എത്തി. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
ബൈക്കിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.
മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 0471- 2743195. കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം.


