തിരുവനന്തപുരം: ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന എസ് സി, എസ് ടി വിദ്യാർഥികളുടെ ഇ-ഗ്രാന്റുൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശ്‌രീഫ് കെപി നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് അംജദ് റഹ്മാൻ, അഡ്വ. അലി സവാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് തുകകൾ കുടിശ്ശിക സഹിതം ഉടനടി നൽകുക,പട്ടിക-ജാതി പട്ടിക-വർഗ വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റുകൾ കാലോചിതമായി വർദ്ധിപ്പിക്കുക, ഗവേഷക വിദ്യാർത്ഥികളുടെ സ്‌കോഷർഷിപ്പുകൾ പ്രതിമാസം നൽകാനുള്ള നടപടി സ്വീകരിക്കുക, ഇ-ഗ്രാന്റുകൾ നൽകാൻ 2.50 ലക്ഷം എന്ന വരുമാനപരിധി നീക്കം ചെയ്യുക, ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട് എസ്.സി./എസ്.ടി. വകുപ്പ് ഇറക്കിയ ഉത്തരവിൽ ഗ്രാന്റുകൾ നൽകുന്നത് വർഷത്തിൽ ഒരിക്കൽ എന്ന ക്ലോസ് നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് നിവേദനം സമർപ്പിച്ചത്.
പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുവാനും,വിവിധ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുമായി നൽകപ്പെടുന്ന സാമ്പത്തിക പദ്ധതികൾ അടക്കമുള്ളവ സർക്കാർ തന്നെ അട്ടിമറിക്കുകയാണ്, വിദ്യാർത്ഥി-വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാർത്ഥി-യുവജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും തശ്‌രീഫ് കെപി പറഞ്ഞു.