തിരുവനന്തപുരം: മണിപ്പൂർ കലാപത്തെ തുടർന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ് കത്ത് നൽകി. വീടും കുടുംബവും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ് പഠനം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ബാലാവകാശ കമ്മീഷനുകളിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിവേണം പ്രത്യേക സമിതിക്ക് രൂപം നൽകേണ്ടത്.
മണിപ്പൂർ സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം 12,694 കുടിയിറക്കപ്പെട്ട കുട്ടികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്. ഇവരിൽ 100 പേർക്ക് പ്രൊഫഷണൽ കൗൺസിലിംഗ് ആവശ്യമാണ്. വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്. അതില്ലാതെ ഒരു രാജ്യത്തിനും നിലനിൽക്കാനാകില്ല. സർക്കാരും സാമൂഹിക സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം എന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
1989ൽ കുട്ടികളുടെ അവകാശ ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭ രൂപം നൽകിയത് പ്രകാരം സുരക്ഷിത ബാല്യത്തിന് ഓരോ രാജ്യവും ഉറപ്പുവരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് സാർവ്വലൗകിക അവകാശ ഉടമ്പടി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ന് ലോകത്തിലെ പലഭാഗത്തിലെയും കുട്ടികൾക്ക് സന്തോഷകരമായ ബാല്യം ആസ്വദിക്കാൻ സാധിക്കുന്നില്ല. ലോക ജനസംഖ്യയുടെ മൂന്നിലൊന്നോളം കുട്ടികളാണ്.
മുതിർന്നവരെപ്പോലെതന്നെ എല്ലാ കുട്ടികൾക്കും മനുഷ്യാവകാശങ്ങളുണ്ട്. കഴിഞ്ഞ പതിനാറ് വർഷത്തിനിടെ ആഫ്രിക്ക, ഏഷ്യ, മധ്യകിഴക്കൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ കുട്ടികൾക്കെതിരായ 2,66,000 ബാലാവകാശ ലംഘനങ്ങളാണ് യു.എൻ പരിശോധിച്ചത്. താലിബാൻ മേഖലയിൽ മാത്രം ആയിരക്കണക്കിന് കുട്ടികൾ തീവ്രവാദഗ്രൂപ്പുകളിൽ ചേർക്കപ്പെട്ടു. ഈ സാഹചര്യങ്ങൾ കമ്മിഷൻ കത്തിൽ ചൂണ്ടികാണിക്കുന്നു. കൂടാതെ റഷ്യ, യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 7.5 ദശലക്ഷം കുട്ടികളുടെ അവസ്ഥ ദയനീയമാണ്. ഈ സാഹചര്യങ്ങളുടെ കൂടി വെളിച്ചത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ മണിപ്പൂർ കലാപത്തെ തുർന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ ദേശീയ ബാലാവകാശ കമ്മിഷന് കത്ത് അയച്ചത്.