spot_imgspot_img

സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

Date:

spot_img

എറണാകുളം: സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന് തന്നെ പുതുമയായ നവകേരള സദസിൽ വൻ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. അതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാത സദസിൽ അതിനിർണായകമായ ഒട്ടേറെ നിർദേശങ്ങളും നവകേരള സങ്കൽപ്പങ്ങളും പ്രതീക്ഷകളും ഉയർന്നുവന്നു. ഇതേ തുടർന്നാണ് വിവിധ വിഭാഗങ്ങളെ പ്രത്യേകമായി കണ്ട് സംവദിക്കാൻ തീരുമാനിച്ചത്.

കേരള സമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. അതുകൊണ്ടാണ് നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇപ്രകാരമൊരു മുഖാമുഖം പരിപാടി സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതാണ്അതിന് പ്രധാന കാരണം. കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്.

നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. കേരളം നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങൾ അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്.

സാങ്കേതിക വിദ്യാഭ്യാസ മേഖലയിലൊഴികെ മറ്റെല്ലാ മേഖലകളിലും പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളില്‍ 64 ശതമാനവും മെഡിക്കല്‍, അനുബന്ധ ശാസ്ത്രങ്ങളില്‍ 81 ശതമാനവും പ്രവേശനം നേടുന്നത് പെണ്‍കുട്ടികളാണ്. പ്രൊഫഷണല്‍ യോഗ്യത, ഉന്നതവിദ്യാഭ്യാസം എന്നിവ നേടിയവരുടെ പട്ടികയിലും കേരളത്തിലെ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍.

എല്ലാക്കാലത്തും ഇതായിരുന്നില്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ. ഒരുകാലത്ത് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും, അവിടെ നിന്ന് തൊഴിലിടങ്ങളിലേക്കും അതിനൊക്കെ മുമ്പ് പാടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്കും ഒക്കെ നയിച്ചതിനു പിന്നില്‍ പ്രക്ഷോഭങ്ങളുടെ ഒരു വലിയ ചരിത്രമുണ്ട്. ഒരുകാലത്ത് വിദ്യാഭ്യാസത്തിനോ, തൊഴിലിനോ ഉള്ള അവകാശമില്ലാതെ, വീട്ടിനുള്ളില്‍പോലും ആരാലും ഗൗനിക്കപ്പെടാതെ, അടിമസമാനമായി കഴിഞ്ഞിരുന്ന മലയാളി സ്ത്രീ ഇന്ന് ലോകത്തെമ്പാടും വ്യത്യസ്ത മേഖലകളില്‍ നേതൃപരമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടി രിക്കുകയാണ്.

ജാതി, ജന്മി മേധാവിത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും മറ്റും ധീരമായി പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തവരാണ് നമ്മുടെ സ്ത്രീകള്‍. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയുടെയോ അവകാശ സമരങ്ങളുടെയോ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെയോ കേവലം ഗുണഭോക്താക്കള്‍ മാത്രമായിരുന്നില്ല അവര്‍. ചെറുത്തുനില്‍പ്പുകളുടെയും ചോദ്യം ചെയ്യലുകളുടെയും ആയുധം കയ്യിലേന്തി കണ്ണീരും ചോരയും നനഞ്ഞ കനല്‍ വഴികള്‍ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകള്‍.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലേക്ക് പുരുഷനും സ്ത്രീയും ഒന്നിച്ചാണ് ചാടിയിറങ്ങിയത്. അത്തരം സമരങ്ങളിലെ പങ്കാളിത്തത്തിന്‍റെ ഫലമായി മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ച സ്ത്രീകളുടെ വലിയൊരു നിര കേരളത്തിലുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കാത്ത സ്ത്രീകളെയടക്കം സ്വാധീനിച്ച സാമൂഹ്യ രാഷ്ട്രീയ പ്രക്രിയകള്‍ കേരള നവോത്ഥാനത്തിന്‍റെ ഉജ്ജ്വലമായ ഏടുകളാണ്.
ഈ കാലഘട്ടത്തില്‍ തന്നെയാണ് സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ശക്തമാകുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും പൊതുസമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും ശ്രമിച്ച സ്ത്രീകള്‍ക്ക് തീവ്രമായ ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു. എങ്കിലും അതിനെയെല്ലാം നേരിട്ടുകൊണ്ട് സ്ത്രീകള്‍ കഴിവ് തെളിയിച്ചു.

സവര്‍ണ്ണ – അവര്‍ണ്ണ വ്യത്യാസമില്ലാതെ, ജാത്യാചാരങ്ങളുടെ പേരില്‍ നരകതുല്യ ജീവിതം നയിച്ചിരുന്ന കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും അവയെ തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുമാണ്. ചാന്നാര്‍ ലഹളയും കല്ലുമാലാ സമരവും ഘോഷാബഹിഷ്ക്കരണവും മറക്കുട ബഹിഷ്ക്കരണവുമെല്ലാം ആ മാറ്റത്തിനു വഴിവെച്ച നാഴികക്കല്ലുകളാണ്. സമൂഹത്തിന്‍റെയാകെ വിമോചനത്തിനു ഒഴിച്ചുകൂടാനാവാത്തതാണ് സ്ത്രീകളുടെ വിമോചനം എന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

കേരളത്തില്‍ നടന്ന സാമൂഹിക – രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലമായി നമ്മുടെ സ്ത്രീകള്‍ ധാരാളമായി പൊതുരംഗത്തും ഔദ്യോഗികരംഗത്തും സാന്നിധ്യമറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ മൂന്ന് മലയാളി വനിതകള്‍ അംഗങ്ങളായിരുന്നു. അമ്മു സ്വാമിനാഥന്‍, ആനീ മസ്ക്രീന്‍, ദാക്ഷായണി വേലായുധന്‍ എന്നിവരായിരുന്നു അവര്‍. ആദ്യ ലോക്സഭയിലെ വനിതാ എം പിമാരില്‍ ഒരാള്‍ മലയാളിയായ ആനീ മസ്ക്രീന്‍ ആയിരുന്നു. ആദ്യ കേരള നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്ല് അവതരിപ്പിച്ചത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. ലോകത്തിലെ ആദ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സ്ത്രീശാക്തീകരണ പരിപാടി നടപ്പാക്കപ്പെട്ട നാടാണിത്. ഈ നിലകളിലൊക്കെ സ്ത്രീമുന്നേറ്റങ്ങളുടെയും ശാക്തീകരണത്തിന്‍റെയും സമൃദ്ധമായ ചരിത്രമുള്ള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്.

സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിതുകൊണ്ടു മാത്രമേ ലിംഗനീതിയിലധിഷ്ഠിതമായ സാമൂഹ്യക്രമം സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീ-പുരുഷ സമത്വം യാഥാര്‍ത്ഥ്യമാക്കുന്നതിനും സാധിക്കൂ.
ഐക്യകേരള രൂപീകരണത്തിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഇ എം എസ് സര്‍ക്കാര്‍ മുന്നോട്ടു വച്ച കാഴ്ചപ്പാട് പുതിയ കേരളം സൃഷ്ടിക്കുക എന്നതായിരുന്നു. സമൂഹത്തിലെ പരമ്പരാഗത അധികാര ഘടനയില്‍ ഇടര്‍ച്ചയുണ്ടാക്കുന്നതിന് കാരണമായ ഭൂപരിഷ്ക്കരണം, മിനിമം കൂലി ഉറപ്പാക്കല്‍, വിദ്യാഭ്യാസ – ആരോഗ്യ മേഖലകളുടെ ജനാധിപത്യവത്ക്കരണം തുടങ്ങിയ നിര്‍ണ്ണായക നടപടികള്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മറ്റൊരു സംസ്ഥാനത്തും സൃഷ്ടിക്കപ്പെടാത്ത സാമൂഹ്യ മാറ്റത്തിനു കേരളത്തില്‍ കളമൊരുക്കി. വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടം എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ നീതിപൂര്‍വമായ പുനര്‍വിന്യാസം ഉറപ്പാക്കുക എന്ന സമീപനമാണ് കേരളം സ്വീകരിച്ചത്. ഇതിന്‍റെ ഫലമായി വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താവെന്ന നിലയില്‍ രാജ്യത്തെ തങ്ങളുടെ സഹജീവികളില്‍ നിന്ന് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം എത്തിപ്പിടിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പാതി മുതല്‍ കേരളത്തിലെ സാഹിത്യം, കല, പൊതുരംഗം എന്നിങ്ങനെ പലയിടങ്ങളിലും സ്ത്രീ പ്രതിഭകള്‍ സ്ഥാനം ഉറപ്പിച്ചു. ആ പ്രതിഭകളുടെ പട്ടികയില്‍ രാജലക്ഷ്മി, സരസ്വതിയമ്മ, ലളിതാംബിക അന്തര്‍ജ്ജനം, കമലാ സുരയ്യ, ഫാത്തിമ ബീവി, നിലമ്പൂര്‍ ആയിഷ എന്നിങ്ങനെ നിരവധിപേരുണ്ട്. സിനിമയും നാടകവും സംഗീതവും സ്ത്രീകളുടെ കൂടി ഇടമായി മാറി. സ്ത്രീകളെ വിശാലമായി സ്വാഗതം ചെയ്യുന്ന സമൂഹമായിരുന്നില്ല അന്നത്തെ കേരളം. എന്നാല്‍ തടസ്സങ്ങളെ മറികടന്ന സ്ത്രീ പ്രതിഭകള്‍ വരുംതലമുറകള്‍ക്ക് ഊര്‍ജമായി.
1987 ലെ നായനാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രസ്ഥാനം അക്ഷരാഭ്യാസത്തിന്‍റെ പുതിയ അറിവുകളിലേക്ക് സ്ത്രീകളെ നയിക്കുക മാത്രമല്ല ചെയ്തത്. സാക്ഷരതാ പ്രസ്ഥാനമെന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി പതിനായിരക്കണക്കിന് സ്ത്രീകളെ മാറ്റുകയും ചെയ്തു. 1996 ല്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രക്രിയ അധികാരവികേന്ദ്രീകരണം സാധ്യമാക്കിയതിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് പ്രാദേശിക വികസനത്തില്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന അവസരം ഒരുക്കി.

2010 ല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം വനിതാ സംവരണം നടപ്പാക്കി. അങ്ങനെ ചെയ്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതോടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലേക്കുള്ള സ്ത്രീ പ്രവേശത്തിന്‍റെ പുത്തന്‍ കുതിപ്പിന് സാഹചര്യമൊരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളില്‍ പകുതിയും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഏക സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്. മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളും 45.85 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളിലൂടെ സ്വയംപര്യാപ്തമായ വലിയൊരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ ഇന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വികസന ഏജന്‍സിയായി മാറിയിരിക്കുന്നു.

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിലേറെയായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ കാഴ്ചപ്പാടോടെ സ്ത്രീസുരക്ഷയിലും സ്ത്രീശാക്തീകരണത്തിലും മാതൃകാപരമായ നിരവധി ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ്. സ്ത്രീകള്‍ക്കായുള്ള ജെന്‍ഡര്‍ ബജറ്റിംഗ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് 1997 ല്‍ കേരളത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കായി പ്രത്യേക വനിതാ ഘടക പദ്ധതി നടപ്പാക്കുന്നില്ല. പേരിനു മാത്രം ജെന്‍ഡര്‍ ബജറ്റിങ് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍പോലും ആകെ ബജറ്റിന്‍റെ ആറു ശതമാനം തുക വകയിരുത്തിയിട്ടില്ല.

കേരളത്തില്‍ ജെന്‍ഡര്‍ ബജറ്റ് ഈ വര്‍ഷത്തെ ആകെ ബജറ്റിന്‍റെ 21.5 ശതമാനമാണ്. ഇതു ചരിത്രപരമാണ്. 2017-18 മുതല്‍ എല്ലാ വര്‍ഷവും സംസ്ഥാന ബജറ്റിനൊപ്പം വാര്‍ഷിക ജെന്‍ഡര്‍ ബജറ്റും അവതരിപ്പിച്ചു വരുന്നുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ച്ചയായ വര്‍ദ്ധനയാണ് സ്ത്രീകള്‍ക്കായുള്ള പദ്ധതി വിഹിതത്തില്‍ വരുത്തുന്നത്. ഇതിനൊക്കെ പുറമെ പൊലീസ് സേനയിലേക്ക് സ്ത്രീകളുടെ പ്രത്യേക റിക്രൂട്ടിങ് യാഥാര്‍ത്ഥ്യമാക്കിയതും പ്രത്യേക സ്ത്രീ ബറ്റാലിയന്‍ രൂപീകരിച്ചതും സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേരള വിമന്‍ പോര്‍ട്ടല്‍ ആരംഭിച്ചതും ഓര്‍മ്മയിലുണ്ടാവും.

വനിതാശിശുക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജെന്‍ഡര്‍ പാര്‍ക്ക് തുടങ്ങിയവ വഴി സ്ത്രീകളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് വലിയ ഇടപെടല്‍ നടത്തിവരുന്നുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താനായി പോലീസും ശക്തമായ ഇടപടെലുകളാണ് നടത്തിവരുന്നത്. നിര്‍ഭയ പദ്ധതിക്കു പുറമെ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ അപരാജിതാ ഹെല്‍പ്പ് ലൈന്‍, പോലീസ് സ്റ്റേഷനുകളിലെ വനിതാ ഹെല്‍പ്പ് ഡെസ്ക്, പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ്, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിമന്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് എന്നിവയും നിലവിലുണ്ട്.

ഗാര്‍ഹിക പീഡന നിരോധനം, സ്ത്രീധന നിരോധനം തുടങ്ങിയ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ് കേരളം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കുന്നതിലും കേരളം മാതൃകാപരമായി മുന്നേറിയിരിക്കുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കുന്നതിനായി ഇവയെ ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കുറ്റകൃത്യങ്ങള്‍ നടന്നാല്‍ പരാതിപ്പെടാനും പരിഹാരം തേടാനുമുള്ള അവസരം നമ്മുടെ സ്ത്രീകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കാന്‍ അത് അത്യന്താപേക്ഷിതമാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെ നമ്മുടെ നാട്ടിലുണ്ടായ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കുമിത് മനസ്സിലാക്കാവു ന്നതേയുള്ളു.

തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ സമയബന്ധിതമായി നടപടിയെടുക്കണം എന്നുതന്നെയാണ് കാണുന്നത്. തൊഴിലിടങ്ങളിലും ഓഫീസുകളിലും സ്ത്രീകള്‍ നേരിടുന്ന ശാരീരിക – മാനസിക പീഡനങ്ങളെ സംബന്ധിച്ച പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കും. നീതി വൈകിപ്പിച്ചുകൊണ്ട് നീതി നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സാമ്പത്തികമായ സ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹിക മുന്നേറ്റം കൈവരിക്കാന്‍ കഴിയുകയുള്ളു. അതിന് ഏറെ ആവശ്യം തൊഴില്‍ നേടുക എന്നതാണ്. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോളജ് എക്കോണമി മിഷന്‍ വഴി സ്ത്രീകള്‍ക്കായി പ്രത്യേക തൊഴില്‍ മേളകളും നൈപുണ്യ പരിശീലന ക്ലാസുകളും നടപ്പാക്കിവരുന്നുണ്ട്. നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്തേക്ക് കുടിയേറാനുള്ള മികച്ച അവസരങ്ങള്‍ നോര്‍ക്കയിലൂടെയും ഒഡെപെക്കിലൂടെയും ഒരുക്കുന്നുണ്ട്.

വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം പോലെയുള്ള തൊഴില്‍ സാധ്യതകള്‍ നമ്മുടെ സ്ത്രീകള്‍ക്കു ഏറ്റവുമനുയോജ്യമായവയാണ്. അവ പ്രയോജനപ്പെടുത്തും. അതിനുവേണ്ട പിന്തുണ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. വര്‍ക്ക് നിയര്‍ ഹോം സെന്‍ററുകള്‍ക്കു പുറമെ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തോളം വര്‍ക്ക് സീറ്റുകള്‍ തയ്യാറാക്കിയും ലോകത്താകെ മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയുടെ സാധ്യതകളെ കേരളത്തില്‍ ലഭ്യമാക്കും. അവയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീസമൂഹം തന്നെയായിരിക്കും.

സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ സന്തോഷകരമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയില്‍ ഒരു വര്‍ഷംകൊണ്ട് 1,39,000 ത്തിലധികം സംരംഭങ്ങളാരംഭിക്കാന്‍ നമുക്കു കഴിഞ്ഞു. അതില്‍ 43,000 ത്തിലധികം സംരംഭങ്ങള്‍ സ്ത്രീകളുടേതായിരുന്നു. അതായത്, കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനം സ്ത്രീ സംരംഭകരുടേതാണ്. ആകെയുള്ള എണ്ണായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ ആയിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു.

നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് നയം രൂപീകരിച്ച് മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതില്‍ത്തന്നെ വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പിന്തുണ നല്‍കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രൊഡക്റ്റൈസേഷന്‍ ഗ്രാന്‍റിന് 9 വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ അര്‍ഹമായി. ഒരു കോടിയിലേറെ രൂപയാണ് ഗ്രാന്‍റായി അനുവദിച്ചത്. അതിനു പുറമെ സോഫ്റ്റ് ലോണായി ഇവര്‍ക്ക് 6 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപ വീതം ലഭ്യമാക്കുകയും ചെയ്യും. വിമന്‍സ് സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വിമന്‍സ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു. 500 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു പരിപാടിയില്‍ നൂറിലേറെ ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ശുചിത്വ മിഷന്‍റെയും ഗ്രീന്‍ ആര്‍മിയുടെയും ചാലകശക്തികളാണ് സ്ത്രീകള്‍. അവയിലെ പങ്കാളിത്തത്തെ വേസ്റ്റ് റീസൈക്ലിങ്ങുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരമായി വരെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫിസിക്കല്‍ വേസ്റ്റിനെ മാത്രമല്ല, സോഷ്യല്‍ വേസ്റ്റിനെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. സമൂഹത്തെയാകെ മലിനമാക്കുന്നതാണ് വര്‍ഗീയത. വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ വിശ്വാസത്തെയും വര്‍ഗീയതയെയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയണം. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പലതിനെയും ആക്രമണോത്സുക വര്‍ഗീയതയുടെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമായി മാറ്റുന്നതിനെ ചെറുക്കാന്‍ കഴിയണം. കുഞ്ഞുങ്ങള്‍ക്കും ഇതിനൊക്കെ കഴിയുന്നു എന്നുറപ്പുവരുത്തുന്നതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും വലിയ പങ്കുണ്ട്.
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വികസനത്തില്‍ തുല്യ പങ്കാളികളാക്കുന്നതിനും വനിത ശിശുവികസന വകുപ്പ് ഒട്ടേറെ പരിപാടികള്‍ നടത്തിവരുന്നുണ്ട്. നിരാലംബരും ഭവനരഹിതരുമായ വിധവകള്‍ക്കായുള്ള അഭയകിരണം, വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള സഹായഹസ്തം പദ്ധതി, പൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന നിരാലംബരായ വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പടവുകൾ, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന അതിജീവിക, വിധവകളുടെ പുനര്‍വിവാഹം പിന്തുണയ്ക്കുന്ന മംഗല്യ’, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുന്ന കനല്‍’ തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടും.

വനിതാ വികസന കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍, ബിസിനസ് സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, വനിതമിത്ര’ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷീ-പാഡ്’ പദ്ധതി, സ്ത്രീകളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫിനിഷിംഗ് സ്കൂള്‍ പ്രോജക്ട്’, മിത്ര’ വനിതാ ഹെല്‍പ്പ്-ലൈന്‍ തുടങ്ങിയവ നടത്തിവരുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനായി ‘വണ്‍ ഡേ ഹോം’ നിലവിലുണ്ട്.
അലഞ്ഞുതിരിയുന്നവര്‍ക്കും നടപ്പാതയില്‍ താമസിക്കുന്നവര്‍ക്കും താമസം, ഭക്ഷണം, ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കുന്ന ‘എന്‍റെ കൂട്’ പദ്ധതിയുമുണ്ട്. ലൈംഗിക പീഡനം, ലൈംഗികാതിക്രമം, ലൈംഗികവൃത്തി ക്കുവേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ഭയ പോളിസി നിലവിലുണ്ട്. 2012 ലെ നിര്‍ഭയ നയം കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി 2023 ല്‍ കേരളം പരിഷ്ക്കരിച്ചു. സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ ലൈംഗികാതിക്രമ അതിജീവിതകളായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിലേക്കായി വിവിധ ജില്ലകളിലായി 23 ഹോമുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

പോക്സോ അതിജീവിതകള്‍ക്കുള്ള ‘കാവല്‍ പ്ലസ്’. എല്ലാ ജില്ലകളിലും വിവിധ എന്‍ ജി ഒ കളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ‘ആശ്വാസനിധി’, കുട്ടികളില്‍ സ്വയംപ്രതിരോധ പരിശീലനത്തിലൂടെ ആത്മവിശ്വാസവും ധൈര്യവും പകരുന്ന ‘ധീര’ എന്നീ പദ്ധതികളും നിലവിലുണ്ട്.

സര്‍ക്കാരിന്‍റെ നേട്ടങ്ങളും ക്രിയാത്മകമായ നയ ഇടപെടലുകളും ഉണ്ടായിരുന്നിട്ടും, സ്ത്രീശാക്തീകരണത്തിന്‍റെയും വികസനത്തിന്‍റെയും മേഖലയില്‍ ചില വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് സര്‍ക്കാര്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞുകൊണ്ട് അവയില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിങ്ങനെ മുഖ്യമായും സ്ത്രീകള്‍ ജോലി ചെയ്യുന്ന തസ്തികകള്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ ഫലമായി തൊഴിലിടങ്ങളിലെ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇത് സ്ത്രീകള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം നല്‍കുന്നതിന് വലിയൊരളവില്‍ കാരണമായിട്ടുമുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും, തൊഴില്‍ പങ്കാളിത്ത നിരക്കിലും, തൊഴില്‍ പങ്കാളിത്ത അനുപാതത്തിലും നിലനില്‍ക്കുന്ന ലിംഗ അസമത്വം പരിഹരിക്കേണ്ടതുണ്ട്. അതിന് കൂട്ടായ ഇടപെടലുകള്‍ ആവശ്യമാണ്.
ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍, ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് പുതുതലമുറ-ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം വേണ്ടത്ര വര്‍ദ്ധിച്ചിട്ടില്ല. പുതുതലമുറ-ജോലികളെക്കുറിച്ചുള്ള അറിവില്ലായ്മ, മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. ഈ പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനമടക്കം സ്ത്രീകള്‍ക്ക് നല്‍കിക്കൊണ്ട് അവരെ ഈ മേഖലയിലേക്ക് കൂടുതലായി എത്തിക്കുന്നതിനാണ് ആലോചിക്കുന്നത്.
വീട്ടിനുള്ളില്‍ ഉള്ളവരാണെങ്കില്‍ പോലും ഒരു ദിവസംകൊണ്ട് വിവിധ തരം ജോലികളാണ് സ്ത്രീകള്‍ ചെയ്തു വരുന്നത്. എന്നാല്‍, ഇതൊന്നും വേണ്ടത്ര വിലയിരുത്തപ്പെടാതെ പോവുകയാണ് പതിവ്. അവര്‍ ചെയ്യുന്ന ജോലികള്‍ കടമ എന്ന പേരില്‍ നിസ്സാരവത്ക്കരിക്കുന്ന പ്രവണതയുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ‘ശമ്പളമില്ലാത്ത ജോലി’ തിരിച്ചറിയുന്നതിനും ഗാര്‍ഹിക മേഖലകളില്‍ അവര്‍ ചെയ്യുന്ന അളക്കാനാകാത്ത ജോലികള്‍ മനസ്സിലാക്കുന്നതിനുമുള്ള സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ മൂലം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയ കേരളത്തിന്‍റെ നടപടി രാജ്യത്തിനാകെ മാതൃകയായിരുന്നു. സംസ്ഥാനത്തെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും പ്രത്യേകിച്ച് വസ്ത്ര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇത് വലിയ ആശ്വാസം നല്‍കി.

കോളേജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ, പ്രസവാവധി അനുവദിച്ചുകൊണ്ട് കേരളം രാജ്യത്തിനു മാതൃകയായി. രാജ്യത്ത് ആദ്യമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കു കൂടി മെറ്റേണിറ്റി ബെനഫിറ്റ് നല്‍കിയും കേരളം മാതൃകയായി. നിയമപ്രകാരം അവര്‍ക്ക് 26 ആഴ്ചത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. പ്രസവാവധിയുടെ കാലയളവില്‍ മുഴുവന്‍ ശമ്പള ആനുകൂല്യങ്ങളും ചികിത്സാ ചെലവുകള്‍ക്കായി 3,500 രൂപ ഒറ്റത്തവണ ഗ്രാന്‍റും ലഭിക്കും. പ്രസവം, മാരക രോഗബാധ എന്നിവയ്ക്കു ശേഷം തിരികെ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് സഹായകരമായ കൈത്താങ്ങ് നടപടികള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളാണ് മറ്റൊരു വിഷയം. അവയ്ക്ക് എത്രയും വേഗം അറുതി വരുത്തേണ്ടതുണ്ട്. വേഗത്തിലുള്ള വിചാരണയിലൂടെ കേസിന്‍റെ തീര്‍പ്പുകല്‍പ്പിക്കല്‍, അക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ സ്ഥാപിക്കല്‍, തൊഴിലിടങ്ങളിലെ പീഡന പരാതികളില്‍ സമയബന്ധിതമായി നടപടിയെടുക്കല്‍ തുടങ്ങിയവ വേണ്ടതുണ്ട്.

അടുത്ത കാലം വരെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മാത്രമാണ് ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ തൊഴില്‍ശക്തിയില്‍ പങ്കാളികളാകേണ്ടതിന്‍റെ ആവശ്യകത കൂടി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമാക്കേണ്ടതുമുണ്ട്. അതിനായി ജോലി സ്ഥലങ്ങളില്‍ ലിംഗ ഓഡിറ്റിംഗ്, നടത്തുകയും തുല്യ വേതനം ഉറപ്പുവരുത്തുകയും ചെയ്യും. കരിയര്‍ മുന്നേറ്റത്തിനുള്ള വഴികളുണ്ടോ എന്നതും തുല്യ അവസരങ്ങളുണ്ടോ എന്നതും പരിശോധിക്കും.
കേരളത്തിലെ സ്ത്രീകളുടെ വികസനത്തിനു വേണ്ട ശക്തമായ അടിത്തറ നമ്മള്‍ ഒരുക്കിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീപങ്കാളിത്തം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇക്കാര്യത്തില്‍ കേരളത്തിനുള്ളത് എന്നാണ് നാഷണല്‍ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നത്. അതായത്, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍ കേരളത്തിലുണ്ട്. അവരുടെ ശേഷികളെ കൂടുതല്‍ വികസിപ്പിച്ചുകൊണ്ട് വ്യവസായ, ഉത്പാദന, തൊഴില്‍ രംഗങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം.

വിജ്ഞാനത്തിന്‍റെയും സാങ്കേതികവിദ്യയുടെയും അടിത്തറയില്‍ നവകേരളത്തിലേക്ക് നടത്തുന്ന വികസനകുതിപ്പില്‍ തുല്യനീതിയും ലിംഗതുല്യതയും ഉറപ്പുവരുത്തണം. ഇത്തരമൊരു ആധുനിക സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കേരളത്തിലെ സ്ത്രീകളെ കൊണ്ടുവരാന്‍ സഹായകരമാകുന്ന നിരവധി അനുകൂല ഘടകങ്ങള്‍ ഇന്ന് നമുക്കുണ്ട്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ധ്യത്തിനും മെച്ചപ്പെട്ട തൊഴിലിനും വേണ്ടിയുള്ള പെണ്‍കുട്ടികളുടെ താല്പര്യം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, കുടുംബശ്രീയിലൂടെ ഉള്‍പ്പെടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തം തുടങ്ങിയ അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് നവകേരളത്തിലേക്കുള്ള മുന്നേറ്റം സാധ്യമാക്കണം.
സമത്വസുന്ദരമായ ഒരു നവകേരള സൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...

ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി: ഏഴാമത്തെ വീടിന്റെ തറക്കല്ലിട്ടു

തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി...
Telegram
WhatsApp