തിരുവനന്തപുരം: വഴയില – പഴകുറ്റി, പഴകുറ്റി – മംഗലപുരം റോഡുകളുടെ നിർമ്മാണ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഇരു റോഡുകളുടെയും 3 റീച്ചുകളിലായുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. വഴിയില- പഴകുറ്റി റോഡിന്റെ ഒന്നാം റീച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്.
റോഡിന്റെയും ഫ്‌ളൈ ഓവറിന്റെയും ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. റീച്ച് രണ്ടിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ മാർച്ച് 15 ന് ആരംഭിക്കും. റീച്ച് മൂന്നിൽ പുനരധിവാസ പാക്കേജ് നടപടികൾ പുരോഗമിക്കുകയാണ്. പഴകുറ്റി – മംഗലപുരം റോഡിന്റെ ഒന്നാം റീച്ചിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്.
രണ്ടാം റീച്ചിൽ പുനരധിവാസ പാക്കേജ് നടപടികൾ പുരോഗമിക്കുന്നു. മൂന്നാം റീച്ചിൽ മാർച്ച് അഞ്ചിനകം വിജ്ഞാപന പ്രസിദ്ധീകരണ നടപടികൾ ആരംഭിക്കും. യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.