തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തിൽ സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വെറ്ററിനറി സര്‍വകലാശാല വിസിയായ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ സംഭവത്തിൽ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടു.
സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. എസ്എഫ്‌ഐയും പിഎഫ്‌ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവർണർ പറഞ്ഞു. മാത്രമല്ല പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ കുറ്റം പറയുന്നില്ലെന്നും ഭരിക്കുന്ന പാര്‍ട്ടിയാണ് പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും ഗവർണർ പറഞ്ഞു. മൂന്ന് ദിവസം സംഭവം പുറത്തറിഞ്ഞില്ല എന്ന് പറയുന്നത് യൂണിവേഴ്‌സിറ്റിയുടെ പരാജയമാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.