തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തെ കേവലം റാഗിങ്ങിന്റെ ഭാഗമായി മാത്രം കാണാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാസ്തവത്തിൽ ഇതൊരു ആൾക്കൂട്ട കൊലപാതകം തന്നെയാണ്. എസ്എഫ്ഐ ഗുണ്ടകളാണ് ഇത് മുഴുവൻ ചെയ്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ഗുണ്ടാ സംഘങ്ങൾ ആയിട്ടും കൊലപാതക സംഘങ്ങൾ ആയിട്ടും എസ്എഫ്ഐ പ്രവർത്തിക്കുന്നു. ഇത്രയും വലിയ നിഷ്ടൂര കൊലപാതകം നടന്നിട്ടും ഇതുവരെ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയില്ല. കേരളത്തിൽ ഇത്രയും വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവം ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണ്. ആ മൗനം കുറ്റകരമാണ്. അത് പ്രതികൾക്ക് സംരക്ഷണം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ മനസ്സിലാവും അതിഭീകരമായ മർദ്ദനം സിദ്ധാർഥിന് ഏറ്റിട്ടുണ്ടെന്നുള്ളത്. സിദ്ധാർഥിനെ മർദിച്ചവർ തന്നെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതും. ഈ പ്രതികളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് സിബിഐക്കു വിടണം. കേരള പോലീസിന്റെ അന്വേഷണം കൊണ്ട് തെളിവുകൾ ഉണ്ടാകാൻ പോകുന്നില്ല. പ്രതികളെ മുഴുവൻ സിപിഎം ഓഫീസിലാണ് സംരക്ഷിച്ചത്. പ്രതികളെ പോലീസ് പിടിച്ചതല്ല, കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്നു കണ്ടപ്പോൾ പാർട്ടി തന്നെ സറണ്ടർ ചെയ്യിപ്പിച്ചതാതെന്നും ചെന്നിത്തല വ്യക്തമാക്കി.
സിദ്ധാർഥന്റെ നെടുമങ്ങാടെ വസതിയിലെത്തി മാതാപിതാക്കളെ കണ്ട് സംസാരിച്ചിരുന്നു. അവരാണ് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ശക്തമായി തന്നെ അന്വേഷണം മുന്നോട്ടു പോകണം. ഐ.ജി കുറയാത്ത ഉദ്യേഗസ്ഥനെ കൊണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നില്ല എങ്കിൽ കേസ് സിബിഐക്കു വിടുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.