തിരുവനന്തപുരം : ലിറ്റില്‍ ഷെഫുമാര്‍ക്കിടയിലെ മാസ്റ്റര്‍ ഷെഫായി തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയും ആറാം ക്ലാസുകാരനുമായ വര്‍ഷസ് എസ്. കുരുന്നു കൈകളിലെ പാചകവൈദഗ്ധ്യം പ്രോത്സാഹിപ്പിയ്ക്കാന്‍ തിരുവനന്തപുരം ലുലു മാളിലെ ഫണ്‍ടൂറ സംഘടിപ്പിച്ച ദ കോഫി കപ്പ് ലുലു ഫണ്‍ടൂറ ലിറ്റില്‍ ഷെഫ് മത്സരത്തിലാണ് വര്‍ഷസ് വിജയിയായത്. ഗ്രാന്‍ഡ് ഫിനാലെയില്‍ എട്ട് കുട്ടികള്‍ മാറ്റുരച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ വേദിക രണ്ടാം സ്ഥാനവും, കൃഷ്ണവേണി മൂന്നാം സ്ഥാനവും നേടി.
മാളില്‍ നടന്ന ചടങ്ങില്‍ ലിറ്റില്‍ ഷെഫായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷസിന് സിനിമ താരം ദിലീപ് സമ്മാനത്തുകയായ അന്‍പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്‍റോയും കൈമാറി. രണ്ടാം സമ്മാനമായ 25000 രൂപയും, മൂന്നാം സമ്മാനമായ 10000 രൂപയും ദിലീപ്, നിത പിള്ള എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്ക് നല്‍കിയത്. പാചകം പൂര്‍ത്തിയാക്കാനെടുത്ത സമയം, പാചക രീതി, രുചി അടക്കം വിവിധ ഘടകങ്ങൾ പരിശോധിച്ചായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിധി നിര്‍ണ്ണയം. രാജ്യത്തെ മുന്‍ നിര ഷെഫുമാരില്‍ നിന്ന് കുട്ടികള്‍ക്ക് പ്രാഥമിക പരിശീലനം ലഭിക്കാനും മത്സരം വഴിയൊരുക്കി. പ്രമുഖ ബ്രാന്‍ഡായ ഇംപെക്സിന്‍റെയും, ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെയും സഹകരണത്തോടെയാണ് ഒരു മാസം നീണ്ട മത്സരം സംഘടിപ്പിച്ചത്.
എട്ടിനും പന്ത്രണ്ട് വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്കായാണ് ലുലു ഫണ്‍ടൂറ ലിറ്റില്‍ ഷെഫ് മത്സരം സംഘടിപ്പിച്ചത്. ആകെ 200ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 60 പേര്‍ ഒഡിഷനില്‍ പങ്കെടുത്തു. തുടര്‍ന്നാണ് വിവിധ റൗണ്ടുകളില്‍ വിജയിച്ച് എട്ട് പേര്‍ ഗ്രാന്‍ഡ് ഫിനാലെയിലെത്തിയത്.