തിരുവനന്തപുരം: എം എസ് എഫ് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ഇതാണ് സംഘർഷത്തിലേക്ക് മാറിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് എം എസ് എഫ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിനെത്തിയത്. എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.വി ഇബ്രാഹിം മാർച്ച് ഉദ്ഘാടനം ചെയ്തു. ബിലാൽ റഷീദ്, എം. എസ്. എഫ് സംസ്ഥാന ജന: സെക്രട്ടറി സി. കെ നജാഫ്, വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ എന്നിവർ സംസാരിച്ചു.
പി. എ ജവാദ്, തൻസീർ അഴിക്കോട്, ഗദ്ദാഫി വെമ്പായം, പി.കെ എം ഷഫീഖ്, റിൻഷാദ് പി എം, ഫായിസ് തലക്കൽ, റമീസ്, സി.കെ ഷാമിർ, ജുനൈദ്, കെ.പി യാസിർ, അമീൻ റാഷിദ്, മാഹിൻ ഉമ്മർ, അനസ് ഹംസ എന്നിവർ നേതൃത്വം നൽകി. നൗഫൽ കുളപ്പട നന്ദി പറഞ്ഞു. ഷാൻ പാങ്ങോട്,അൻസർ പെരുമാതുറ, ഷിയാസ് തേരുമല മൂനീർ വാളിക്കോട് , സാബിത്ത് കുളപ്പട്ട, ആരിഫ് കാട്ടക്കട തുടങ്ങിയവർ പങ്കെടുത്തു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ സെക്രട്ടേറിയേറ്റ് മതിൽ ചാടികടന്ന പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. ഇത് പ്രവർത്തകരെ പ്രകോപിച്ചു. തുടർന്ന് സെക്രട്ടേറിയേറ്റിന് മുന്നിലെ റോഡ് പ്രവർത്തകർ ഉപരോധിച്ചു.
നിരവധി പ്രവർത്തകർക്ക് പോലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റു. റോഡ് ഉപരോധിച്ച എം.എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് വൈകുന്നേരതോടെ ജാമ്യം ലഭിച്ചു. സെക്രട്ടേറിയേറ്റ് മതിൽ ചാടികടന്ന കേസിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.പി യാസിർ റിമാൻഡിലായി.