തിരുവനന്തപുരം: പദ്‌മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും മുരളീധരൻ പറഞ്ഞു. ഇനി തനിക്ക് സഹോദരി എന്ന നിലയില്‍ പോലും യാതൊരു ബന്ധവുമില്ലെന്നും പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പത്മജയ്ക്ക് എന്നും നല്ല പരിഗണനയാണ് നല്‍കിയിരുന്നതെന്നും കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്ന് കെ മുരളീധരൻ പറഞ്ഞു.പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. വടകരയിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വര്‍ഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരൻ പറഞ്ഞു.
പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കാലുവാരിയാൽ തോൽക്കാറില്ലെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.