തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും മാർച്ച് 8-ന് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.ഒരോ സ്ത്രീയും ഒരു സമൂഹത്തിന്എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. ഇന്ന് സ്ത്രീകൾ രാജ്യത്തിന്റെ നാനാ കോണുകളിൽ വിവിധ മേഖലകളിൽ മുന്നേറുകയാണ്. ഈ നേട്ടങ്ങള്‍ കൊയ്ത് മുന്നേറുന്ന ഓരോ സ്ത്രീകളെയും ആദരിക്കുന്ന ദിവസമാണ് ഇന്ന്.
‘Invest in Women: Accelerate Progress,’ എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയം. ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന ഒരു ദിവസം കൂടിയാണിത്. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. 1975 ൽ ആണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.
എന്നാൽ വർഷങ്ങൾ എത്ര മാറിയിട്ടും, സ്ത്രീകൾക്ക് തുല്യത ഉണ്ടെന്ന് നാൾക്ക് നാൾ പറയുമ്പോഴും ഇപ്പോഴും പലയിടങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള അടിച്ചമർത്തലുകൾ തുടരുകയാണ്. സഹനത്തിന്റെ പ്രതീകമാണ് സ്ത്രീകൾ എന്ന് പറയുമ്പോഴും സ്ത്രീകൾക്കുള്ള മേലുള്ള വിലക്കുകൾ ഇപ്പോഴും തുടരുകയാണ്. ഓരോ വർഷവും വനിതാ ദിനങ്ങൾ കൊണ്ടാടുമ്പോഴും ഇപ്പോഴും പല സ്ഥലങ്ങളിലും സ്വാതന്ത്രം എന്താണെന്ന് പോലും അറിയാതെ ഓരോ വനിതകളും നാല് ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടുകയാണ്. അവരെ പറന്നു ഉയരാൻ അനുവദിക്കാതെ നിരവധി വിലങ്ങു തടികളാൽ അവരെ ബന്ധിച്ചിരിക്കുകയാണ്.
നമ്മൾ എത്രയൊക്കെ പുരോഗമനം പറഞ്ഞാലും സ്ത്രീകൾക്ക് ഒരു അതിർവരമ്പ് സമൂഹം നിശ്ചയിച്ചിട്ടുണ്ട്. അത് മറികടക്കുവാൻ ശ്രമിക്കുന്നവർ ഇപ്പോഴും നിഷേധികളാണ്. ഇനി എങ്കിലും ഇതിനൊരു മാറ്റം വരണം. വളരെ ചുരുക്കം ചില വനിതകൾക്ക് നേടാൻ കഴിയുന്ന പദവികളിലേക്ക് എല്ലാ വനിതകളും എത്താൻ ശ്രമിക്കണം. ഇതിനു സമൂഹവും കരുതലേകണം. ഒരു സ്ത്രീ എന്ന് കരുതി അവരെ മാറ്റി നിർത്താതെ മുന്നോട്ട് പോകാനുള്ള സഹായം ചെയ്യണം. അപ്പോൾ മാത്രമേ ഓരോ വനിതാ ദിനങ്ങളും മധുരമുള്ളതാകു.