തിരുവനന്തപുരം: പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലായി 10133 നീർച്ചാലുകൾ മാപത്തോൺ പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തിയതായി നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ. ഇതിൽ 406.14 കി.മീ. ദൂരം നീർച്ചാലുകൾ വീണ്ടെടുത്തു. നൂറിലേറെ പേർ ഒരുവർഷത്തോളമെടുത്ത് ശ്രമകരമായാണ് മാപത്തോൺ നടത്തിയത്.
നീർച്ചാൽ അടിസ്ഥാനമാക്കിയുള്ള ഭാവി ആസൂത്രണത്തിന് കൃത്യമായ അടിത്തറയൊരുക്കാനും മാപത്തോൺ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞതായി ഡോ. ടി.എൻ.സീമ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളെ സാങ്കേതികത്വം, ശാസ്ത്രീയത, കൃത്യത എന്നിവ ഉറപ്പാക്കി അടയാളപ്പെടുത്താൻ സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച നീർച്ചാൽ മാപിംഗിനു കഴിഞ്ഞു.
സംസ്ഥാനത്ത് നീർച്ചാൽ മാപിംഗിനായി മാപത്തോൺ പ്രവർത്തനങ്ങൾ നടത്തിയ ഹരിതകേരളം മിഷനിലെ റിസോഴ്‌സ് പേഴ്സൺമാർ, ഇന്റേൺസ്, യംഗ് പ്രൊഫഷണലുകൾ എന്നിവർക്ക് അനുമോദനം അർപ്പിക്കാനും മാപത്തോൺ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോ. ടി.എൻ. സീമ.
2018ലെ പ്രളയശേഷം കേരളത്തിന്റെ പുനസൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾ, ദുരന്തമുഖങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴുമുളള മുന്നൊരുക്കങ്ങൾ, എന്നിവയിൽ മാപത്തോൺ പ്രവർത്തനങ്ങളുടെ ഫലം പ്രയോജനപ്പെടുമെന്ന് അനുമോദനം അർപ്പിച്ച് സംസാരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. മുഹമ്മദ് വൈ. സഫിറുള്ള അഭിപ്രായപ്പെട്ടു. ശാസ്ത്രീയ മാർഗങ്ങളിലൂടെ നടത്തിയ മാപിംഗ് ജലവിഭവ മേഖലയിൽ മാത്രമല്ല പൊതുവെ ഇത്തരം പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുർഘടമായ വഴികളും കാടും മേടും കുന്നും മലയും പുഴയും താണ്ടി ഉരഗ-വന്യമൃഗ ഭീതിയും നേരിട്ട് ശ്രമകരമായ ദൗത്യമായിരുന്നു മാപത്തോൺ പ്രവർത്തനങ്ങളെന്ന് ഇതിൽ പങ്കെടുത്തവർ അനുഭവം പങ്കുവച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, ഐ.ടി. മിഷനു കീഴിൽ പ്രവർത്തിക്കുന്ന ICFOSS എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് സംസ്ഥാനത്ത് മാപത്തോൺ പ്രവർത്തനം നടന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അഡീഷണൽ സെക്രട്ടറി സുനിൽ കുമാർ, നവകേരളം കർമപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇന്ദു എസ്., അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ, ജല ഉപമിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി, പ്രോഗ്രാം ഓഫീസർമാരായ ആർ.വി. സതീഷ്, വി. രാജേന്ദ്രൻ നായർ, ICFOSS മുൻ മേധാവി അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നും മാപത്തോണിൽ പങ്കെടുത്തവർ, ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.