തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകൾ സർക്കാർ പിൻവലിച്ചു. 2022ല്‍ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് 157 കേസുകള്‍ പിന്‍വലിച്ചത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിച്ചത്. അതേസമയം ഇനി 42 കേസുകള്‍ ബാക്കിയാണ്.ഇവയെല്ലാം ഗൗരവസ്വഭാവമുള്ളവയാണ്.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിച്ചത്. 199 കേസുകളാണ് ആകെ വിഴിഞ്ഞം സമരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്. മുഴുവൻ കേസുകളും പിൻവലിക്കണം എന്നായിരുന്നു ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.