തിരുവനന്തപുരം: 11 മാസം മാത്രം പ്രായമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന പോസ്റ്റീരിയർ റെട്രോപെരിടോണിയോസ്‌കോപിക് രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കം ചെയ്തത്.
നിർത്താതെയുള്ള കരച്ചിലിനെത്തുടർന്നാണ് കൊല്ലം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ കിംസ്ഹെൽത്തിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. സനൂജ ടൈറ്റസ് സന്തോഷിന്റെ പക്കലെത്തിച്ചത്. അൾട്രാ സൗണ്ട് പരിശോധനയിൽ അഡ്രിനൽ ഗ്രന്ഥിയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ സിടി സ്‌കാനിൽ കുട്ടിയുടെ വലത്തേ വൃക്കയ്ക്കു മുകളിൽ അഡ്രിനൽ ഗ്രന്ഥിയിൽ, വലിയ രക്തക്കുഴലിനോടും കരളിനോടും ചേർന്ന്, ട്യൂമർ സ്ഥിരീകരിക്കുകയായിരുന്നു.
സമ്മർദ്ദ സാഹചര്യങ്ങളിൽ അതിനെ അതിജീവിക്കാൻ സഹായിക്കുന്ന ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് അഡ്രിനൽ ഗ്രന്ഥി. ചെറിയ പ്രായത്തിൽ കണ്ടുവരുന്ന അഡ്രിനൽ ട്യൂമറുകൾ ക്യാൻസറായിരിക്കാനുള്ള സാധ്യത കൂടുതലാണ്. പരമ്പരാഗത ശസ്ത്രക്രിയകളിൽ, ട്യൂമറുള്ള ഭാഗത്തേക്ക് എത്താൻ മേൽവയറ്റിൽ വലിയ മുറിവുണ്ടാക്കി കുടൽ വശത്തേക്ക് മാറ്റേണ്ടി വരും. എന്നാൽ, റെട്രോപെരിടോണിയോസ്‌കോപിക് രീതി ഉപയോഗിച്ച് കുട്ടിയുടെ പിൻഭാഗത്തു നിന്ന് താക്കോൽദ്വാരത്തിലൂടെ അഡ്രിനൽ ട്യൂമറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധ്യമാകും.
അനെസ്തേഷ്യയുടെ സഹായത്തോടെ, കുഞ്ഞിനെ കമഴ്ത്തി കിടത്തി രണ്ടര മണിക്കൂറോളം നീണ്ട താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് സർജിക്കൽ സംഘം കുട്ടിയുടെ വയറ്റിൽ നിന്നും ട്യൂമർ നീക്കം ചെയ്തത്. വയറിൻറെ പുറകിൽ കടന്ന് മറ്റ് അവയവങ്ങളെ ബാധിക്കാത്ത രീതിയിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് പീഡിയാട്രിക് മിനിമൽ ആക്‌സസ് സർജനും സീനിയർ കൺസൾട്ടന്റുമായ ഡോ. റെജു ജോസഫ് തോമസ് പറഞ്ഞു. രക്തക്കുഴലുകൾ ഒരേ സമയം സീൽ ചെയ്ത് മുറിക്കാൻ സാധിക്കുന്ന ‘ലൈഗാഷ്വർ’ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ സുരക്ഷമായും വേദനരഹിതമായും പൂർത്തിയാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം അന്ന് വൈകുന്നേരം തന്നെ കുട്ടി വെള്ളവും ഭക്ഷണവും കഴിക്കാൻ തുടങ്ങി. അടുത്ത ദിവസം മുതൽ തന്നെ ഇരിക്കാനും കളിക്കാനും തുടങ്ങിയിരുന്നു.
അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജേക്കബ് ജോൺ തിയോഫിലസ്, സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജയാനന്ദ് സുനിൽ, കാർഡിയോതൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.