ഇടുക്കി: എം.എം.മണി എം എൽ എയ്ക്കെതിരെ ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതിനെ നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ സംഭവം ഉണ്ടായിട്ടുണ്ടെന്നും ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണിയെന്നും അദ്ദേഹം ആരോപിച്ചു.
ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതുസർക്കാരാണെന്നും എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീൻ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു എം എം മണി പ്രസംഗത്തിൽ പറഞ്ഞത്. ഡീൻ കുര്യക്കോസിനു പുറമെ പി ജെ കുര്യനെയും വ്യക്തിപരമായി പ്രസംഗത്തിൽ അധിക്ഷേപിച്ചിരുന്നു.