തിരുവനന്തപുരം: കുരിശിനോടുള്ള സ്നേഹം ക്രൂശിതനോടുള്ള സ്നേഹമായി മാറുകയും, ക്രൂശിതനോടുള്ള നമ്മുടെ സ്നേഹം നമ്മെ മറ്റൊരു ക്രിസ്തുവായി മാറ്റുമ്പോഴുമാണ് ജീവിതം ധന്യമാകുന്നതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ചാൻസിലർ റവ ഡോ സി ജോസഫ് പറഞ്ഞു.കഴക്കൂട്ടം ഫെറോനയുടെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കഴക്കൂട്ടം സെൻറ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച കുരിശിൻറെ വഴി യേശുവിൻറ പീഡാസഹനം അനുസ്മരിക്കുന്ന 14 സ്ഥലങ്ങൾ പിന്നിട്ട് കാര്യവട്ടം ക്രിസ്തുരാജാ ദേവാലയത്തിൽ സമാപിച്ചു. കഴക്കൂട്ടം ഫെറോന വികാരി ഫാ ജോസഫ് ബാസ്റ്റിൻ ആമുഖ സന്ദേശം നൽകി.
വൈദികരും, സന്യസ്ഥരും, വൈദിക വിദ്യാർഥികളും ഉൾപ്പെടെ നിരവധി വിശ്വാസികൾ ഭക്തിനിർഭരമായ കുരിശിൻറെ വഴിയിൽ പങ്കെടുത്തു. ഫാ ജോസഫ് ബാസ്റ്റിൻ, ഫാ ദീപക്ക് ആന്റോ, ഫാ പ്രബൽ, ഫാ കോസ്മോസ്, ഫാ ഇമ്മാനുവൽ, ഫാ ജെബിൻ, ഫാ ലാസർ ബെനഡിക്ട്, ഫാ ജെറാർഡ്, ജോൺ വിനേഷ്യസ്, ഫെഡറിക് പെരേര, യേശുദാസൻ, ജോണി,ജോർജ് കുലാസ്, ഷീല തുടങ്ങിയവർ നേതൃത്വം നൽകി.