
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പി ജി സീനിയർ റസിഡന്റ് ഡോ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ജീവിതം മടുത്തതു കൊണ്ട് പോകുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പരാമർശിച്ചിരിക്കുന്നു.
അഭിരാമി താമസിച്ചിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നാണ് പോലീസ് കുറിപ്പ് കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരമാണ് സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിന് സമീപം ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിലെ റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം അന്വേഷണം നടത്തുകയാണ്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഭർത്താവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. പിജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും.


