കഴക്കൂട്ടം: തെലുങ്കാന മുഖ്യമന്ത്രി രേവന്ത്റെഡ്ഢി പങ്കെടുത്ത തീരദേശ റോഡ്ഷോ ആവേശമായി. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പ്രചാരണത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. തുമ്പ മുതൽ അഞ്ചുതെങ്ങ് വരെ നടത്തിയ റോഡ് ഷോയ്ക്ക് നൂറ് കണക്കിന് വാഹനങ്ങളാണ് അകമ്പടി സേവിച്ചത്.
തുമ്പ സെൻറ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗമാണ് രേവന്ത്റെഡ്ഢി ഇന്ന് രാവിലെ 11 മണിക്ക് എത്തിയത്. കോൺഗ്രസിലെ ജില്ലാ സംസ്ഥാന നേതാക്കൾ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ നിന്ന് റോഡ് മാർഗം തുമ്പ രാജീവ് ഗാന്ധി നഗറിലെത്തിയ ശേഷമാണ് റോഡ് ഷോക്ക് തുടക്കമായത്.
തുമ്പയിൽ നിന്നും ആരംഭിച്ച റോഡ് ഷോ തീരദേശ പാത വഴി സെൻറാഡ്രൂസ്, പുത്തൻതോപ്പ്, മരിയനാട് , കഠിനംകുളം, പുതുക്കുറുച്ചി, പെരുമാതുറ, താഴംപള്ളി പ്രദേശങ്ങൾ വഴിയാണ് അഞ്ചുതെങ്ങിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകളാണ് തെലുങ്കാന മുഖ്യമന്ത്രിയെ കാണാനും അഭിവാദ്യമർപ്പിക്കാനുമായി റോഡിനു ഇരുവശവും തടിച്ചുകൂടിയത്. റോഡ് ഷോ കടന്ന് പോയ പാതയോരങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. തുടർന്നു പ്രവർത്തകരോടും നാട്ടുകാരോടും മുഖ്യമന്ത്രി സംസാരിച്ചു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, യുഡിഫ് ആറ്റിങ്ങൽ പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള, കൺവീനർ വർക്കല കാഹാർ, ചിറയിൻകീഴ് യുഡിഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെഫേഴ്സൻ, കൺവീനവർ മാരായ എം.എസ് നൗഷാദ്, അഭയൻ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.