
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാനച്ഛൻ ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് അമ്മ അഞ്ജനയ്ക്കെതിരെ കേസെടുത്തത്.
സംഭവത്തെ തുടർന്ന് കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി. ഇന്നലെയാണ് മർദന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിനെതിരെ വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഒരു വർഷമായി നിരന്തരമായി കുട്ടിയെ രണ്ടാനച്ഛന്‍ മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. തന്നെ രണ്ടാനച്ഛൻ ക്രൂരമായി മര്‍ദിക്കുന്നുവെന്നാണ് കുട്ടിയുടെ മൊഴി. അച്ഛൻ ഉപദ്രവിക്കുമ്പോൾ അമ്മ തടയാറില്ലെന്നാണ് കുട്ടി പറയുന്നത്. അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചെന്നുവെന്നും പച്ച മുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും കുട്ടി പറയുന്നു. കുട്ടിയുടെ ശരീരത്തിൽ മുഴുവൻ അടിയേറ്റതിന്‍റെയും മുറിവിന്റെയും പാടുകളുണ്ട്.


