
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലം അടക്കം ചില ഇടങ്ങളിൽ മാത്രമാണ് താമസം ഉണ്ടായതെന്നും ബാക്കി സ്ഥലങ്ങളിലെല്ലാം തന്നെ ആറു മണിയോടെ വോട്ടിങ് അവസാനിച്ചുവെന്നും സഞ്ജയ് കൗൾ പറഞ്ഞു.
അതെ സമയം ചില ബൂത്തുകളിൽ ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്നും പരക്കെ ആരോപണം ഉയർന്നിരുന്നു. എന്നാൽ അതെ പറ്റി ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ ഇലക്ഷനിൽ ഉണ്ടായ അത്ര തകരാർ ഇത്തവണ സംഭവിച്ചിട്ടില്ല. പൊതുവെ സംസ്ഥാനത്ത് ഇന്നലെ ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. അതിനാൽ തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. ഇതാണ് സമയം നീളാൻ കാരണമായത്.
അതെ സമയം ചില സ്ഥലങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും പക്ഷെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ചിലയിടങ്ങളില്‍ പ്രശ്നമായെന്നും അദ്ദേഹം വ്യക്തമാക്കി.


