തിരുവനന്തപുരം: മുൻ കെ പി സി സി സെക്രട്ടറി എം എ ലത്തീഫിനെ കൂടിയാലോചനയില്ലാതെ പാർട്ടിയിൽ തിരിച്ചെടുത്തത്തിൽ പ്രതിഷേധം ശക്തം.
സംഭവവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ കോൺഗ്രസ് നേതാക്കൾ രാജിയുമായി രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻറുമാർ, ചിറയിൻകീഴ് മുൻ നിയമസഭാ സ്ഥാനാർത്ഥികൾ, ചിറയിൻകീഴ് നിയോജക മണ്ഡലം ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, മുൻ മണ്ഡലം പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ്, കർഷക കോൺഗ്രസ്, മത്സ്യതൊഴിലാളി കോൺഗ്രസ്, സംസ്ഥാന- ജില്ലാ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവരാന് രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജില്ലയിലെ ഒരു കോൺഗ്രസ്നേതാക്കന്മാരോടുപോലും ആലോചിക്കാതെയാണ് എം എ ലത്തീഫിനെ കെ പി സി ആക്ടിംഗ് പ്രസിഡൻറ് എം എം ഹസ്സൻ തിരിച്ചെടുത്തതെന്നാണ് ഭാരവാഹികൾ പറയുന്നത്. കെ പി സി സി പ്രസിഡൻറിനെയും പ്രതിപക്ഷനേതാവിനേയും പൊതുമധ്യേ തെറിവിളിക്കുകയും സഹപ്രവർത്തകരെ ആക്രമിച്ചതിന്റെ പേരിലും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിലാണ് എം എ ലത്തീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നാണ് നേതാക്കൽ ആരോപിക്കുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെസിഡൻറ്സ് അസ്സോസിയേഷൻ വഴി സി പി ഐ (എം) നു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്നതിന് വ്യക്തമായ തെളിവുകളുള്ള സാഹചര്യം കൂടി നിലനില്ക്കുമ്പോഴാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ഒരാളെ ആക്ടിംഗ് പ്രസിഡൻറിൻറ മാത്രം തീരുമാനപ്രകാരം തിരിച്ചെടുത്തതെന്നാണ് ഭാരവാഹികൾ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിയുമായി രംഗത്തെത്തിയിട്ടുള്ളത്.