spot_imgspot_img

ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മന്ത്രി വീണാ ജോർജ്

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ചുള്ള ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ മന്ത്രി നിർദേശം നൽകി. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകർച്ചവ്യാധികളുണ്ടാകാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വർധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ നിർദേശം നൽകി. വീടിനും സ്ഥാപനങ്ങൾക്കും അകത്തും പുറത്തും വെള്ളം കെട്ടി നിർത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

എലിപ്പനി ഏറെ ശ്രദ്ധിക്കണം. മലിന ജലത്തിലിറങ്ങുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ആശുപത്രികളിൽ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം.

എച്ച് 1 എൻ 1, ചിക്കൻ പോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, ജലജന്യ രേഗങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികളിലുൾപ്പെടെ മലമ്പനി റിപ്പോർട്ട് ചെയ്തതിനാൽ പ്രതിരോധം ശക്തമാക്കണം. തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ അവബോധം ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. സംസ്ഥാന തലത്തിൽ പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. തയ്യാറാക്കാൻ നിർദേശം നൽകി. കോഴിക്കോട്, വയനാട് ജില്ലകളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

ഉഷ്ണ തരംഗം തുടരുന്നതിനാൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്. ഭക്ഷ്യ വസ്തുക്കൾ തുറന്ന് വയ്ക്കരുത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp