കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് സംഭവിച്ച പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി. ഇന്നാണ് സംഭവം നടന്നത്. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്.
കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനായിരുന്നു കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ ഇത് മാറി നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു.