News Week
Magazine PRO

Company

Share This Post
spot_imgspot_img

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്

Date:

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ 5 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തീയതി ഈ കുട്ടി ബന്ധുക്കളോടോപ്പം വീടിന് സമീപത്തെ പുഴയില്‍ കുളിച്ചിരുന്നു. പത്താം തീയതി പനിയും തലവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ശിശു രോഗ വിദഗ്ധനെ കാണിച്ചു. പന്ത്രണ്ടാം തീയതി രണ്ടു തവണ ഛര്‍ദി, തലചുറ്റല്‍ എന്നിവ ഉണ്ടായതിനാല്‍ ചേളാരിയിലെ സ്വകാര്യ ആസ്പത്രിയിലും, തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും കാണിച്ചു. അന്നേദിവസം തന്നെ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരുന്നു. കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. അതിനാല്‍ തന്നെ ആശങ്ക വേണ്ട. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങള്‍

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

പ്രതിരോധ നടപടികള്‍

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നതും വെള്ളത്തില്‍ കളിക്കുന്നതും വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധം ശക്തം

ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധമാണ് പ്രദേശത്ത്...

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന...

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി...

തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ...
Telegram
WhatsApp
05:52:30