തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്ത്രോതസുകൾ എന്നിവ ശുചീകരിക്കണം.
ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും. ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കും. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും. മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്ത്രോതസുകൾ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാൽ അവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തം ബാധിച്ചവർ സെക്കന്ററി ഇൻഫക്ഷൻ വരാതിരിക്കാൻ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കണം. പഞ്ചായത്തുകളിൽ മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെ നടത്തണം.
പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങൾ ചേർന്ന് ജാഗ്രതാ നിർദേശം നൽകി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മഴക്കാലം വരുന്നതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി നിർദേശം നൽകി.
ജില്ലകളിലെ സാഹചര്യവും ചെയ്ത പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർമാർ വിവരിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. എല്ലാ സ്ഥലങ്ങളിലും വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി.
ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. കൊതുകുകളുടെ ഉറവിട നശീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും ഡ്രൈ ഡേ കൃത്യമായി ആചരിക്കാൻ മന്ത്രി നിർദേശിച്ചു. മേയ് 18, 19 തീയതികളിൽ കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.
എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. മലിന ജലത്തിലോ മലിനജലം കലർന്ന മഴവെള്ളത്തിലോ ഇറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. ഗർഭിണികൾ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരിൽ കോവിഡ് രോഗം ഗുരുതരമായി കാണുന്നതിനാൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.
എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, രോഗവ്യാപനമുള്ള സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.