തിരുവനന്തപുരം: തൈറോയ്ഡ് ക്യാന്‍സര്‍ മാനേജ്മെന്റിലെ സുപ്രധാന ക്ലിനിക്കല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ ‘തൈറോയ്ഡ് സിഎ അപ്ഡേറ്റ് 2024’ എന്ന പേരിൽ ഏകദിന മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. നാരായണന്‍ ആര്‍ നയിച്ച സമ്മേളനത്തില്‍ 150-ഓളം വിദഗ്ദ്ധര്‍ പങ്കെടുത്തു. റോബോട്ടിക് തൈറോയ്ഡക്ടമി ഉള്‍പ്പെടെയുള്ള പുതിയ ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും തൈറോയ്ഡ് നോഡ്യൂളുകളുടെ അമിത രോഗനിര്‍ണ്ണയവും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയിലെ തൈറോയ്ഡ് ക്യാന്‍സര്‍ ബാധിതരില്‍ കേരളം രണ്ടാം സ്ഥാനത്തെത്തിയത് സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്തു. അമിത രോഗനിര്‍ണ്ണയമാകാം ഈ വര്‍ദ്ധനവിന് കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്ന ഇമേജിംഗ് സാങ്കേതികവിദ്യകളുടെ ഉപയോഗമാണ് ഈ സാഹചര്യത്തിലേക്ക് നയിക്കുന്നത്. സാധാരണഗതിയില്‍ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കാത്ത നോഡ്യൂളുകളെ പോലും ഇമേജിങ്ങിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു. 2024-ല്‍ അമേരിക്കന്‍ തൈറോയ്ഡ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന തൈറോയ്ഡ് ക്യാന്‍സര്‍ മാനേജ്മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അമിത രോഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത നല്‍കുമെന്ന് വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്.
ഡോ. ഗൗരി പന്ത്വൈദ്യ (ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മുംബൈ), ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി, ഡോ. വെങ്കടേഷ് വി (അഡയാര്‍ കാന്‍സര്‍ സെന്റര്‍, ചെന്നൈ), ഡോ. സന്ദീപ് നായക് (ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍), ഡോ.എം.ജെ.പോള്‍ (സിഎംസി വെല്ലൂര്‍), ഡോ.ബിപിന്‍ ടി വര്‍ഗീസ് (ആര്‍.സി.സി., തിരുവനന്തപുരം) തുടങ്ങി നിരവധി വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അതോടൊപ്പം കേസ് അടിസ്ഥാനമാക്കിയുള്ള പാനലുകളിലൂടെയും സംവാദങ്ങളിലൂടെയും തൈറോയ്ഡ് ക്യാന്‍സര്‍ ചികിത്സയുടെ പ്രായോഗിക വശങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.