തിരുവനന്തപുരം: ഇന്ന് പുലർച്ചെ മുതൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. മലയോര പ്രദേശങ്ങളിലും തോരാത്ത മഴയാണ് ഇന്ന് പുലർച്ചെ മുതൽ. തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
എന്നാൽ ഒരു ദിവസത്തെ മഴയിൽ തന്നെ മുങ്ങിയിരിക്കുകയാണ് ജില്ലയിലെ പ്രാന്ത പ്രദേശങ്ങൾ. പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലാണ്. എന്നാൽ വെള്ളക്കെട്ടിന് പരിഹാര നടപടികളുമായി കോര്‍പറേഷന്‍ രംഗത്തെത്തിരിക്കുകയാണ്. ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് ജില്ലയിൽ തുടക്കമായി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായിട്ടാണ് നടപടികൾ. കൂടാതെ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഉടൻ തന്നെ സക്ഷന്‍ കം ജെറ്റിങ് മെഷീനും എത്തിക്കും.