തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം.
പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക് ഉറപ്പാക്കും. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആർആർടി നൽകുന്ന നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ആർആർടി യോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങൾ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനൽക്കാലം കഴിഞ്ഞെങ്കിലും ഇനിയും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം. മഞ്ഞപ്പിത്തത്തിനെതിരെ ഫീൽഡ് തല പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.
പൊതുജനാരോഗ്യ നിയമ പ്രകാരം മെഡിക്കൽ ഓഫീസർമാർ കൃത്യമായ ഇടപെടലുകൾ നടത്തണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം. ഹോട്ടലുകൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജീവനക്കാർ ശുചിത്വം പാലിക്കണം. ശാസ്ത്രീയമായ ചികിത്സ മാത്രമേ തേടാവൂ. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തണം.
മഴക്കാലമായതിനാൽ ഡെങ്കിപ്പനിയ്ക്കെതിരെയും എലിപ്പനിയ്ക്കെതിരെയും ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ള സ്രോതസുകൾ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐ.എസ്.എം വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. ടീം അംഗങ്ങൾ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു.