തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ രണ്ടാം തവണയും വെള്ളക്കെട്ട് രൂപപ്പെട്ടു. പല സ്ഥലങ്ങളിലും വാഹനങ്ങൾ കുടുങ്ങുകയും ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
തിരുവനന്തപുരത്തും ശക്തമായ മഴയായിരുന്നു ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെട്ടത്. മഴയിൽ വർക്കല പാപനാശത്ത് കുന്നിടിഞ്ഞുവീണു. കൂടാതെ നെയ്യാറ്റിൻകര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ മതിലും മഴയിൽ തകർന്നിരുന്നു. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരും പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.