തിരുവനന്തപുരം: കേരളത്തിൽ വിജയം ഉറപ്പാക്കി യുഡിഎഫ്. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളിലും വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 18 മണ്ഡലങ്ങളിലും യു ഡി എഫ് മുന്നിലാണ്. ചില മണ്ഡലങ്ങളിൽ ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും ഭൂരിഭാഗം സീറ്റുകളിലും യു ഡി എഫ് തന്നെയാണ് തുടക്കം മുതൽ ലീഡ് ചെയ്യുന്നത്. നിലവിൽ കേരളത്തിൽ 18 സീറ്റ് യു ഡി എഫിനും ഒരു സീറ്റ് എൻ ഡി എയ്ക്കും എൽ ഡി എഫിന് ഒരു സീറ്റുമാണ്.
ഏറെ നേരം പിന്നിലായിരുന്നു തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർഥി ശശി തരൂർ മുന്നേറുന്നതാണ് ഇപ്പോഴത്തെ നില. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. തരൂരിന്റെ ലീഡ് 9000 കടന്നു. 9766 വോട്ടിന് ലീഡ് ചെയ്യുന്നു. നേമം മണ്ഡലത്തിൽ ഇനിയെണ്ണാനുള്ളത് 2 ബൂത്തുകളാണ്. പാറശാല 5, നെയ്യാറ്റിൻകര 4 ബൂത്തുകളിൽ വോട്ട് എണ്ണാനുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ ലീഡ് 1842 ആയി.
ചരിത്രപരമായ ഭൂരിപക്ഷമാണ് എറണാകുളത്ത് ഹൈബി ഈഡന് ലഭിച്ചത്. വടകരയിൽ ഷാഫി പറമ്പിൽ 86,497 വോട്ടുകൾക്ക് മുൻപിലാണ്. അതെ സമയം കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. സുധാകരന്റെ ലീഡ് 70,297 ആയി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 186265 ആയി.