കൊച്ചി: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കാറിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. അതോടൊപ്പം ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യാനും തീരുമാനമായി.
സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. കൂടാതെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുത്ത് പിഴ ഈടാക്കും. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എൻഫോഴ്സ്മെന്റ് ആർടിഒയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. ആവേശം സിനിമയിൽ ഒരു കഥാപാത്രം ലോറി സ്വിമ്മിങ് പൂൾ ആക്കിയത് അനുകരിക്കാൻ ശ്രമിച്ചതാണിത്.