തിരുവനന്തപുരം: നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് നേരിട്ട് നിർദേശം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതെ സമയം വകുപ്പ് എന്താണെന്ന കാര്യത്തിൽ തീരുമാനമായില്ല.
നിയുക്ത എം പി സുരേഷ് ഗോപി ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകും.
‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’ എന്നാണ് താരം ഇക്കാര്യത്തോട് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതെ സമയം മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കും. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗും, പ്രൾഹാദ് ജോഷിയും മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എന്നാൽ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം നേരത്തെ ഉണ്ടായിരുന്നു. നേരത്തെ സിനിമകളിൽ കരാർ നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമെന്ന് ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദി നേരിട്ട് സുരേഷ് ഗോപിയെ ബന്ധപ്പെട്ടതും തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു.