തിരുവനന്തപുരം: തീരദേശവാസികളുടേയും നദി, കനാല്‍ എന്നിവയുടെ പുറമ്പോക്കുകകളില്‍ താമസിക്കുന്നവരുടേയും പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങള്‍” കേരള മുനിസിപ്പല്‍ – കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നല്‍കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം കടല്‍, കനാല്‍, തോട്, റോഡ് മുതലായവയുടെ പുറമ്പോക്കുകളും അവയോട് ചേര്‍ന്ന് വരുന്ന മറ്റ് പുറമ്പോക്കുകളും പതിച്ച് നല്‍കുന്നതിന് നിയമപരമായ ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആ തടസ്സങ്ങള്‍ നീക്കുന്നതിനായുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും പട്ടയ വിതരണം സുഗമവും വേഗതയിലും ആക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള പട്ടയമിഷനില്‍ ഇത്തരം വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖ പരിധിക്കുള്ളിലെ സ്ഥലങ്ങള്‍, ജലപാതകളുടെ വശങ്ങളില്‍ നിന്നും 3.017 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, തടങ്ങളില്ലാത്ത ജലസേചന പതാകളില്‍ നിന്നും 20.117 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, തടങ്ങളില്ലാത്ത അപ്രധാന ജലസേചന മാര്‍ഗ്ഗങ്ങളിലെ 4 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, തടങ്ങളുളള ജലസേചന മാര്‍ഗ്ഗങ്ങളുടെ 3.017 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, കടല്‍ത്തീരത്തിനടുത്ത് സമുദ്രത്തിലെ ഉയര്‍ന്ന ജലനിരപ്പിൽ നിന്നും 30.480 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍ എന്നിവ നിയമപ്രകാരം പതിച്ച് നല്‍കുവാന്‍ പാടില്ലാത്തതാണ്. അതായത് മേല്‍പറഞ്ഞ ദൂരപരിധിക്ക് പുറത്തുള്ള പുറമ്പോക്കുകള്‍ പതിച്ചു നല്‍കാവുന്നതാണ്.
ഇത് കണക്കിലെടുത്തുകൊണ്ട് കടല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരികയാണ്. മേല്‍പറഞ്ഞ ദൂരപരിധിക്കു പുറത്തുള്ള സ്ഥലങ്ങള്‍ സര്‍വ്വെ ചെയ്ത് കടല്‍ പുറമ്പോക്കുകള്‍ എന്ന വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടം അനുഗ്രഹ നഗര്‍, സെഞ്ച്വറി നഗര്‍ എന്നിവിടങ്ങളിലെ കടല്‍ പുറമ്പോക്കില്‍ താമസിച്ച് വന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള പട്ടയ പ്രശ്നം ഇത്തരത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 250 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്ത നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കും. ഇതേ മാതൃക മറ്റു കടല്‍ പുറമ്പോക്കുകളിലും സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും സയബന്ധിതമായി പൂർത്തിയാക്കി അർഹരായ എല്ലാവർക്കും കാലതാമസം കൂടാതെ പട്ടയം നല്‍കുക എന്നുളളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.