spot_imgspot_img

ആത്മവിശുദ്ധിയുടെ സന്ദേശം പരത്തി ബലിപെരുന്നാൾ: കെ.ഏ. ഹാരിസ് മൗലവി റഷാദി

Date:

spot_img

തിരുവനന്തപുരം: ബലിപെരുന്നാൾ ആശംസകളുമായി കെ.ഏ. ഹാരിസ് മൗലവി റഷാദി എം ഡി (ഇമാം മുനീറുൽ ഇഖ്‌വാൻ മുസ്ലിം ജമാഅത്ത്, മഠത്തിക്കാരാഴ്മ, ഓച്ചിറ). സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

ഇന്ന് ദുൽഹജ്ജ് പത്ത്…. ബലിപെരുന്നാൾ സുദിനം…. അയ്യായിരം വർഷങ്ങൾക്കു മുമ്പ് തൗഹീദിന്റെ വിളംബരവുമായി കടന്നുവന്ന ഹസ്രത്ത് ഇബ്രാഹിം(അ)ന്റെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് 170 കോടിയിൽപരം വരുന്ന സത്യവിശ്വാസികൾ ഈദ് ആഘോഷിക്കുകയാണ് ഇന്ന്.

കുളിച്ച് ശുദ്ധിയായി പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധം പൂശി, സന്തോഷം നിറഞ്ഞ മനസ്സുമായി റബ്ബിന്റെ മഹത്വം പ്രകീർത്തിച്ചു കൊണ്ടുള്ള തക്ബീറിന്റെ സുന്ദര വചനങ്ങൾ ഏറ്റുചൊല്ലി കൊണ്ടാണ് ഈദ് നമസ്കാരത്തിനായി നാം ഒത്തുചേർന്ന് പിരിയുന്നത്.

അല്ലാഹു അക്ബർ….വലില്ലാഹിൽ ഹംദ്….

സൃഷ്ടാവിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട് റബ്ബിന്റെ അതിഥികളായി ഭൂഗോളത്തിൽ വിവിധഭാഗങ്ങളിലുള്ള ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നും കടലും കരയും മലമടക്കുകളും താണ്ടി പരിശുദ്ധ കഅ്ബയുടെ ചാരത്തെത്തിയ 25 ലക്ഷത്തിൽപരം വരുന്ന ഹാജിമാർ ഹജ്ജിന്റെ സുപ്രധാന ഭാഗമായ ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിൽ പങ്കുചേർന്നതിനുശേഷം ഇന്നലെ മുസ്തലിഫയിൽ രാത്രി താമസിച്ചു. ഇന്ന് മിനായിലെ ടെന്റുകളിലേക്കും അവിടെനിന്ന് ജംറകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന അനുഗ്രഹീത നിമിഷം കൂടിയാണിത്. പടച്ചോൻ അവരുടെ കർമ്മങ്ങളും പ്രാർത്ഥനകളും സ്വീകരിക്കുമാറാകട്ടെ ആമീൻ.

ആദർശ പിതാവ് എന്ന് ചരിത്രം വിശേഷിപ്പിച്ച ഇബ്രാഹിം നബി(അ)യുടെ ചരിത്രത്തിലേക്ക് നാം തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ ജീവിതയാത്രയിൽ വെളിച്ചം പകരുന്ന നിരവധി ഗുണപാഠങ്ങൾ കണ്ടെത്താൻ കഴിയും.

1.”അസത്യം എത്ര വലുതാണെങ്കിലും ശരി അന്തിമവിജയം സത്യത്തിന് ആയിരിക്കും.”

പ്രബല മതങ്ങളും പരിശുദ്ധ വേദഗ്രന്ഥങ്ങളും ആദർശ പിതാവ് എന്ന് വിശേഷിപ്പിക്കുകയും കോടിക്കണക്കിന് വരുന്ന സത്യവിശ്വാസികൾ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരത്തിലും, സുന്നത്ത് നമസ്കാരത്തിലും അനുസ്മരിക്കുകയും ചെയ്യുന്ന മാനവചരിത്രത്തിലെ അതുല്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് മഹാനായ ഇബ്രാഹീം (അ)……

പ്രകൃതി വസ്തുക്കളെയും മനുഷ്യരിൽ ചിലരെയും ഇലാഹുകളായി സ്വീകരിച്ച് അവർക്ക് ആരാധനകൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഏകദൈവ വിശ്വാസത്തിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും സംസ്ഥാപനത്തിനുമായി ഒരു പുരുഷായുസ്സ് മുഴുവനും സമർപ്പിച്ച സമുന്നതനായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഹസ്രത്ത് ഇബ്രാഹിം നബി(അ)……

ബാബിലോണിയയിലെ ഏകാധിപതിയും ദൈവിക വാദിയുമായിരുന്ന നംറൂദിനോടും, വിഗ്രഹ നിർമ്മാതാവും വിൽപ്പനക്കാരനും ആയ സ്വന്തം പിതാവിനോടും അദ്ദേഹം ഉറച്ച നിലപാടുകൾ സ്വീകരിച്ചു. റബ്ബിന്റെ ഏകത്വത്തിന്റെ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. നംറൂദ് ചക്രവർത്തിയുടെ രാജകൊട്ടാരത്തിൽ ഒരു സംവാദം നടന്നു. നംറൂദ് ചോദിച്ചു നിന്റെ റബ്ബ് ആരാണ് ഇബ്രാഹിം? അദ്ദേഹം പറഞ്ഞു എന്റെ റബ്ബ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. രാജാവ് പറഞ്ഞു, ഞാൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും, രണ്ട് ജയിൽ പുള്ളികളെ കൊണ്ടുവന്ന് ഒരാളെ വെറുതെ വിടുകയും, ഒരാളെ കൊന്നുകളയുകയും ചെയ്തു. എന്നിട്ടാണ് നംറൂദ് തന്റെ കഴിവിൽ അഹങ്കരിച്ചു കൊണ്ട് എനിക്ക് ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിയും എന്ന് പറഞ്ഞത്.

ഇബ്രാഹിം നബി(അ) പറഞ്ഞു എന്റെ റബ്ബ് കിഴക്കുനിന്നു സൂര്യനെ കൊണ്ടുവരുന്നു, അതിനെ നീ ഒന്ന് പടിഞ്ഞാറ് നിന്ന് കൊണ്ടുവരിക. അപ്പോഴേക്കും ദൈവ ധിക്കാരിയായ നംറൂദിന് ഉത്തരം മുട്ടിപ്പോയി. ഭൂഗോളം മുഴുവൻ അടക്കിഭരിച്ച അസത്യത്തിന് വക്താവായ നംറൂദും തന്റെ സാമ്രാജ്യവും കാലാന്തരത്തിൽ തകർന്നു തരിപ്പണമാവുകയും ചരിത്രത്തിന്റെ ഭാഗമായി തീരുകയും ചെയ്തു. ഹസ്രത്ത് ഇബ്രാഹിം(അ)നെ ജനകോടികൾക്ക് മാതൃകാപുരുഷനായി റബ്ബ് ഉയർത്തി.

2. “ത്യാഗ സന്ധതയുള്ള ഒരു സമൂഹത്തിനു മാത്രമേ ചരിത്രത്തിൽ ഇടം നേടാനും വിജയിക്കുവാനും കഴിയുകയുള്ളൂ.”

തുല്യതയില്ലാത്ത പരീക്ഷണത്തിന്റെ തീച്ചൂളയിൽ ഉരുകി മരിക്കുമ്പോഴും ഹസ്രത്ത് ഇബ്രാഹിം ഈമാനിന്റെ കവചം കൊണ്ട് അതിനെ പ്രതിരോധിച്ചു.

പ്രബോധനം ചെയ്യുന്ന ആശയം വ്യാപകം ആകാതിരിക്കാനും തന്റെ മേൽക്കോയ്മ നഷ്ടപ്പെടാതിരിക്കാനും അദ്ദേഹത്തെ പൂർണമായി ഇല്ലാതാക്കാൻ നംറൂദ് ചക്രവർത്തി അഗ്നികുണ്ഡം ഒരുക്കി സമർപ്പണത്തിന് സന്നദ്ധമായ ഇബ്രാഹീമിന് ആളിക്കത്തിയ തീയുടെ ഉള്ളിൽ റബ്ബ് സംരക്ഷണ വലയം തീർത്തു. റബ്ബിന്റെ കൽപ്പന എത്തി. “ഓ തീയെ നീ ഇബ്രാഹീമിന് തണുപ്പും രക്ഷയും ആവുക ” കൽപ്പന പുലർന്നു. പുഞ്ചിരിതൂകുന്ന മുഖവുമായി ഇബ്രാഹിം (അ) തീയിൽ നിന്നും പുറത്തുവന്നു. ആ പശ്ചാത്തലം ഖുർആൻ അനുസ്മരിക്കുന്നു.

” ഇബ്രാഹീമിനെ തന്റെ രക്ഷിതാവ് ചില കല്പനകൾ കൊണ്ട് പരീക്ഷിക്കുകയും അദ്ദേഹം അത് നിർവ്വഹിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. അല്ലാഹു പറഞ്ഞു നിന്നെ ഞാൻ ജനങ്ങൾക്ക് നായകൻ ആക്കിയിരിക്കുന്നു (നേതാവ് ആക്കിയിരിക്കുന്നു) ഇബ്‌റാഹീമിനെ അള്ളാഹു ആത്മമിത്രമായി സ്വീകരിക്കുകയും ചെയ്തു.”

3. “നിഷ്കളങ്കമായ സൽ കർമ്മത്തിന് ശേഷമുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിക്കും.”

ഭൂമിയിലെ അല്ലാഹുവിന്റെ ആദ്യത്തെ ഭവനമായ കഅ്ബയുടെ പരിശുദ്ധി നിലനിർത്താനും ജനഹൃദയങ്ങളെ ആകർഷിക്കുന്ന കേന്ദ്രമാക്കാനും അല്ലാഹു തീരുമാനിച്ചു. ഇബ്രാഹിം(അ) നബിക്ക് കൽപ്പനയുണ്ടായി. “പ്രദക്ഷിണം ചെയ്യുന്നവർക്കും ഭജനമിരിക്കുന്നവർക്കും തലകുനിച്ചും കുമ്പിട്ടും പ്രാർത്ഥിക്കുന്നവർക്കും വേണ്ടി എന്റെ ഭവനം നിങ്ങൾ ശുദ്ധിയാക്കിവയ്ക്കുക എന്ന് ഇബ്രാഹീമിനും ഇസ്മാഈലിനും നാം കല്പന നൽകിയ സന്ദർഭം ഓർക്കുക” (ഖുർആൻ)

പിതാവും മകനും ചേർന്ന് കഅ്ബയുടെ പുനർ നിർമ്മാണം പൂർത്തിയാക്കി. രണ്ടുപേരുംകൂടി ദുആ ചെയ്തു. “ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളിൽ നിന്ന് ഇതു നീ സ്വീകരിക്കേണമേ നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണ്. (ബഖറ – 127) പ്രാർത്ഥന സ്വീകരിച്ചു. ജനഹൃദയങ്ങളിൽ ഏറ്റവും മഹത്വമുള്ള മന്ദിരമായി കഅ്ബയുടെ പരിശുദ്ധിയെ അള്ളാഹു ഉയർത്തി. റബ്ബിനെ അനുഗ്രഹം ചൊരിയുന്നിടമാക്കി രാപ്പകൽഭേദമില്ലാതെ ജനലക്ഷങ്ങൾ ആ വിശുദ്ധ മന്ദിരത്തെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്നു. കഅ്ബയിലേക്ക് നോക്കൽ പുണ്യമുള്ള ഇബാദത്താക്കി. പരിശുദ്ധ ഹജ്ജിന്റെയും ത്വവാഫിന്റെയും കേന്ദ്രബിന്ദുവാക്കുകയും ചെയ്തു.

4. “പൂർണമായി റബ്ബിൻ തവക്കുൽ ചെയ്യുന്ന സമൂഹത്തിന് അല്ലാഹു സഹായത്തിന്റെ വാതിൽ തുറന്നു കൊടുക്കും.”

ഫലസ്തീനിൽ നിന്നും ജനവാസമില്ലാത്ത ജല -ഫല- ശൂന്യമായ അറേബ്യൻ മണൽക്കാട്ടിലെ കഅ്ബാലയത്തിന്റെ അരികത്ത് ജീവിതത്തിന്റെ സായംസന്ധ്യയിൽ പടച്ചവൻ കൺകുളിർമയായി നൽകിയ തന്റെ മകനെയും ഭാര്യയെയും കൊണ്ടുപോയി താമസിപ്പിക്കണം. കർശനമായ കൽപ്പന വന്നു. തന്റെ കരൾ പറിച്ച് മാറ്റുന്നതിനു തുല്യമായ അവസ്ഥ ആയിരുന്നു അത്. സമർപ്പണത്തിൽ സന്നദ്ധമായ ഇബ്രാഹീം നബി അതിനു മുതിർന്നു. ഭാര്യയെയും മകനെയും ഫലസ്തീനിൽ നിന്നും മക്കയിൽ കൊണ്ടുവന്നു. ഈന്തപ്പന മടൽ കൊണ്ട് ഉണ്ടാക്കിയ ചെറിയ കുടിലിന്റെ ഉള്ളിൽ തന്റെ കുടുംബത്തെ താമസിപ്പിച്ചതിനുശേഷം അദ്ദേഹം ദുആ ചെയ്തു. “ഞങ്ങളുടെ നാഥാ നിശ്ചയം ഞാനെന്റെ സന്താനങ്ങളിൽ നിന്ന് ചിലരെ നിസ്കാരം നിർവ്വഹിക്കുന്നതിന് വേണ്ടി നിന്റെ പരിശുദ്ധ ഭവനത്തിന് സമീപമുള്ള കൃഷിവാസയോഗ്യമല്ലാത്ത ഈ താഴ്‌വരയിൽ ഞാൻ താമസിച്ചിരുന്നു. (അതുകൊണ്ട് ) അവർ നന്ദിയുള്ളവരാകുന്നതിനു വേണ്ടി ജനങ്ങളിൽനിന്ന് ചിലരുടെ ഹൃദയങ്ങളിൽ നീ താല്പര്യം ജനിപ്പിക്കുകയും ഫലവർഗ്ഗങ്ങൾ കൊണ്ട് നീ അവർക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ… (സൂറത്ത് ഇബ്രാഹീം -37)ഇബ്രാഹീം (അ) കുടുംബത്തെ മക്കയിൽ തനിച്ചാക്കി ഫലസ്തീനിലേക്ക് മടങ്ങിപ്പോയി. ഹാജറയും കുഞ്ഞും തനിച്ചായി. കരുതിയ ഭക്ഷണവും വെള്ളവും തീർന്നു. ഹാജറ ദുഃഖത്തിലായി. കുഞ്ഞു വെള്ളത്തിനായി കരയാൻ തുടങ്ങി. ഒരിറ്റു വെള്ളത്തിനായി ഉമ്മ നെട്ടോട്ടമോടി. രക്ഷയില്ല.ഉമ്മയും കുഞ്ഞും തളർന്നു. ഉടൻ പടച്ചവന്റെ സഹായമെത്തി. നിത്യവിസ്മയമായി സംസം ഉറവ പൊട്ടി. മരുഭൂമിയിൽ നീരുറവ ഒഴുകി തുടങ്ങിയതോടെ അതിന്റെ പരിസരത്ത് പറവകൾ വട്ടമിട്ട് പറക്കാൻ തുടങ്ങി. സംഘം സംഘമായി ജനങ്ങൾ അവിടേക്ക് എത്തിച്ചേർന്നു. കാലാന്തരത്തിൽ മക്ക ജനസാഗരമായി. ഹാജറയും (റ) മകൻ ഇസ്മാഈലും ചരിത്രത്തിലിടം നേടി. സഫാ മർവ്വ കുന്നുകൾക്കിടയിലൂടെ നടന്ന് ഹാജിമാർ ആ ചരിത്രത്തെ ഓർക്കുന്നു.

5. “ആത്മത്യാഗത്തിന് ഒരുങ്ങുന്നവർക്ക് അള്ളാഹു ദുനിയാവിലും ആഖിറത്തിലും സൽകീർത്തി നൽകി ആദരിക്കും.”

ഇബ്രാഹിം നിരന്തരമായ പ്രാർത്ഥനയിൽ മുഴുകി. തന്റെ കുടുംബജീവിതത്തിൽ ഒരു കുഞ്ഞിക്കാൽ കാണാനുള്ള അടങ്ങാത്ത ആഗ്രഹം പൂവണിയണം. അതിനായിരുന്നു പ്രാർത്ഥന. തന്റെ ആദ്യ ഭാര്യ സാറ(റ)യുടെ നിർദേശം മാനിച്ച് ഹാജറ യെ (റ)കൂടി സഹധർമ്മിണിയായി സ്വീകരിച്ചു. പ്രാർത്ഥനാ തുടർന്നുകൊണ്ടേയിരുന്നു. “സദ് വൃത്തനായ ഒരു കുഞ്ഞിനെ എനിക്ക് നീ ദാനമായി തരണം തമ്പുരാനേ ” വാർധക്യത്തിന്റെ പിടിയിലമർന്ന ഇബ്രാഹീം നബി (അ )ക്ക് അല്ലാഹു സഹനശീലനായ ഒരു കുട്ടിയെക്കൊണ്ട് നാം സന്തോഷവാർത്ത അറിയിച്ചു”. നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഹസ്രത്ത് ഇസ്മായീൽ ജനിച്ചു. കുടുംബത്തിൽ സന്തോഷമായി. ആ സന്തോഷം ഏറെനാൾ നീണ്ടുനിന്നില്ല. കുഞ്ഞു ഓടിക്കളിക്കാനും പിതാവിനൊപ്പം ചെറിയ ചെറിയ ജോലികൾ ചെയ്യാനും തുടങ്ങിയപ്പോൾ റബ്ബിന്റെ ഭാഗത്തുനിന്നും കൽപ്പന എത്തി. മകനെ റബ്ബിന്റെ മാർഗത്തിൽ ബലിദാനം നടത്തണമെന്ന്. റബ്ബിനുവേണ്ടി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിനെ സമർപ്പിക്കാൻ തന്നെ ഇബ്രാഹീം (അ) തീരുമാനിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യം നിറഞ്ഞ പരീക്ഷണമായിരുന്നു അത്.

മിനാ താഴ്‌വരയിലേക്ക് മകനുമായി ആ പിതാവ് നടന്നു നീങ്ങി. ചരിത്രമുറങ്ങുന്ന മിനാ താഴ്‌വര ആ മഹത് കർമ്മത്തിന് സാക്ഷിയായി. പിതാവ് തന്റെ മകന്റെ കുഞ്ഞിളം കഴുത്തിൽ കത്തിവെച്ച് ആഞ്ഞു വലിക്കാൻ തുടങ്ങി.മലക്കുകൾ ആ കൃത്യം കണ്ട് അട്ടഹസിച്ചു.പ്രകൃതി പോലും വിസ്മയം കൊണ്ടു. ഇബ്രാഹീം (അ) ഇലാഹീ പൊരുത്തത്തിന് വേണ്ടി വീണ്ടും കത്തി വെച്ച് ആഞ്ഞ് വലിക്കാൻ തുടങ്ങി. പിതാവിന്റെ ആത്മാർത്ഥതയെ റബ്ബിന് ഇഷ്ടമായി. സൃഷ്‌ടാവിന് വേണ്ടി എന്തും സഹിക്കാനുള്ള അർപ്പണ മനോഭാവം പടച്ചവൻ കൈകൊണ്ടു. കുഞ്ഞിന്റെ കഴുത്തിന് നേരിയ പോറൽ പോലും ഏറ്റില്ല. റബ്ബിന്റെ ഭാഗത്തു നിന്ന് വിളംബരം ഉണ്ടായി.

“ഓ….. ഇബ്രാഹീം താങ്കളുടെ സ്വപ്നം സത്യമായി പുലർന്നിരിക്കുന്നു. ഇപ്രകാരമാണ് നാം ഗുണവാന്മാർക്ക് പ്രതിഫലം നൽകുന്നത്

മനോഹരമായ ആടുമായി ജിബ്‌രീൽ(അ) എത്തി സമുചിതമായി അവർ അതിനെ ബലിദാനം നടത്തി. ഈ സമർപ്പണത്തിന്റെ ചരിത്രം ഒരിക്കലും വിശ്വാസികൾ വിസ്മരിക്കരുതെന്ന് പടച്ചവൻ തീരുമാനിച്ചു. ആ സ്മരണ പുതുക്കൽ കൂടിയാണ് നാം നിർവഹിക്കുന്ന ഉള്ഹിയത്ത്. ഇബ്രാഹീം നബിക്ക് അല്ലാഹു സൽകീർത്തി നൽകി. പരിശുദ്ധ വേദഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെട്ടു. മഹത്തായ ഇബ്രാഹീമീ മാർഗത്തെ മുറുകെപ്പിടിക്കാൻ അല്ലാഹു സത്യവിശ്വാസികളോട് കൽപ്പിച്ചു. അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ നിരവധി പ്രവാചകന്മാരെ യാത്രയാക്കി. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) ഇബ്രാഹീം നബിയുടെ മകൻ ഇസ്മായീൽ (അ) യുടെ സന്താന പരമ്പരയിൽപ്പെട്ട മഹാനാണ്.

ഈ അനുഗ്രഹീത ദിനത്തിൽ പീഡിതരെയും അഭയാർഥികളെയും, അനാഥരെയും, ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരെയും നിത്യ രോഗികളെയും ദുർബല ജനവിഭാഗങ്ങളെയും നാം ഓർക്കുക.കുടുംബ ബന്ധം ചേർക്കുക.

അയൽപക്ക ബന്ധം ദൃഢമാക്കുക. കുടുംബത്തോട് വിശാലത കാണിക്കുക.സർവ്വോപരി ഉമ്മത്തിന്റെ ഐക്യത്തിനായി നിലകൊള്ളുക. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ മാതൃകകളാണ് പരിശുദ്ധ ഹജ്ജിലൂടെയും അറഫാ സംഗമത്തിലൂടെയും നമുക്ക് ദർശിക്കാൻ കഴിയുന്നത്. നാഥൻ തുണക്കട്ടെ ആമീൻ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp