തിരുവനന്തപുരം: തങ്ങൾക്ക് മുമ്പിൽ പുസ്തകത്തൊട്ടിൽ. അതിൽ ബാലരമയും ബാലഭൂമിയും കളികുടുക്കയും കുട്ടികളുടെ ദീപികയും അമർചിത്രകഥയും അങ്ങനെ നീളുന്ന പട്ടികയിലെ കഥാപുസ്തകങ്ങൾ. മറ്റൊരു ഭാഗത്ത് ഇന്നത്തെ പ്രധാന ദിനപത്രങ്ങൾ. പിന്നെ ബലൂണും വർണ്ണചിത്രങ്ങളും.
കാണാൻ എന്തു രസം. കുരുന്നുകൾ അദ്ധ്യാപകരുടെ കൈ തട്ടി മാറ്റി ഓരോ കഥാപുസ്തകങ്ങളിലൂടെയും താളുകൾ മറിച്ചു നോക്കി പുഞ്ചിരിതൂകി. ചില കുട്ടികളാകട്ടെ, പുസ്തകത്തൊട്ടിൽ നോക്കി അതിലൊന്ന് ഇരിക്കാനും ശ്രമിച്ചു – വായനാദിനാചരണം പ്രമാണിച്ച് പ്രേം നസീർ സുഹൃത്‌സമിതി പാച്ചല്ലൂർ ഗവ: എൽ.പി.സ്ക്കൂളിനായി സമർപ്പിച്ച പുസ്തകത്തൊട്ടിൽ ഉൽഘാടന ചടങ്ങിലായിരുന്നു ഈ കൗതുകം.
വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുവാൻ പ്രേംനസീറിൻ്റെ 98-ാം ജൻമദിനം പ്രമാണിച്ച് കേരളത്തിലെ 98 സ്ക്കൂളുകളിൽ പുസ്തകത്തൊട്ടിൽ സ്ഥാപിക്കുന്നതിൻ്റെ സംസ്ഥാനതല ഉൽഘാടനമാണ് വായനാദിനത്തിൽ ഇവിടെ സംഘടിപ്പിച്ചത്. മഹാകവി കുമാരനാശാനെക്കുറിച്ച് സബീർ തിരുമല എഴുതിയ യുഗപ്രഭാവൻ ഓർമ്മയുടെ ഓളങ്ങളിൽ എന്ന ചെറുപുസ്തകം ഒരു വിദ്യാർത്ഥിക്ക് നൽകി കൗൺസിലർ പനത്തുറ ബൈജു പുസ്തകത്തൊട്ടിൽ ഉൽഘാടനം ചെയ്തു.
ഡോ: വാഴമുട്ടം ചന്ദ്രബാബു അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശോഭ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, പി.ടി.എ.പ്രസിഡണ്ട് ദൗലത്ത് ഷാ,സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ഷാരോൺ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.