തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി. നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോടതിയിലെ ചില അഭിഭാഷകരാണ് ആദ്യം പാമ്പിനെ കണ്ടത്.
അലമാരയിലെ ഫയലുകൾക്കിടയിലാണ് പാമ്പ് ഇരുന്നത്. ഉടൻ തന്നെ എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്നേക്ക് റെസ്ക്യൂവർ സുധീഷ് പള്ളിച്ചൽ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറും.