ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. അതെ സമയം വിഷമദ്യദുരന്തത്തില്‍ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് കരുണാപുരത്ത് ദിവസവേതനക്കാരായ ഒരു സംഘം തൊഴിലാളികളാണ് മദ്യം വാങ്ങിയത്. മദ്യം കഴിച്ചതിനു പിന്നാലെ തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത തുടങ്ങിയവ ഇവർക്ക് അനുഭവപ്പെടുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
സംഭവത്തില്‍ മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കയ്യിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു.