തിരുവനന്തപുരം: പെരുമാതുറയിൽ നാളെ വെൽഫെയർ പാർട്ടി സമര സംഗമം സംഘടിപ്പിക്കുന്നു. മുതലപൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലാണ് സമരവുമായി വെൽഫെയർ പാർട്ടി രംഗത്തെത്തിരിക്കുന്നത്. മുതലപ്പൊഴിയിലെ മരണച്ചുഴി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പെരുമാതുറയിൽ വെൽഫെയർ പാർട്ടി സമരം സംഘടിപ്പിക്കുന്നത്.
മുതലപ്പൊഴി ഇന്ന് അധികാരികളുടെ അനാസ്ഥ മൂലം നിരവധി മനുഷ്യരുടെ മരണപ്പൊഴിയാവുകയാണെന്നാണ് വെൽഫെയർ പാർട്ടി ആരോപിക്കുന്നത്. 2006 ൽ പുലിമുട്ട് നിർമാണം പൂർത്തിയായ ശേഷം ഇതുവരെ 125ലധികം അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഓരോ അപകടങ്ങളിലും 73 മത്സ്യതൊഴിലാളികളുടെ ജീവനും ജീവിതവുമാണ് കടലെടുത്തു പോയത്. കടലും കടൽത്തീരവും അദാനിക്കും കോർപ്പറേറ്റുകൾക്കും തീറെഴുതി നൽകുമ്പോൾ മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും മാനുഷികമായ പരിഗണന നൽകാൻ പോലും സർക്കാർ തയ്യാറായില്ല.
മൺസൂൺ കാല മത്സ്യബന്ധനം മരണങ്ങളില്ലാതെ സുഗമമായി നടക്കണമെന്നത് 1990- കളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യമായിരുന്നു മുതലപ്പൊഴി അഴിയാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനുപകരം ഇപ്പോഴുള്ള പുലിമുട്ട് ഹാർബറാണ് സർക്കാർ വിഭാവനം ചെയ്‌തത്. മുതലപ്പൊഴിയിൽ കേരളത്തിൻ്റെ സൈനികർ ഒന്നൊന്നായി മരിച്ചു വീഴുമ്പോൾ അധികാരികൾ കണ്ണുകളടച്ചു നിസംഗരാവുകയാണെന്നാണ് പാർട്ടി പറയുന്നത്. ഇതിനു അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.